മോദി റീലിനെതിരെ ആസ്‌ട്രേലിയൻ ഗായിക; വിഡിയോ മുക്കി ബി.ജെ.പി

ആസ്‌ട്രേലിയൻ ഗായിക ലെങ്ക ക്രിപാക് ആണ് ഇൻസ്റ്റഗ്രാമിൽ പരസ്യമായി എതിർപ്പ് അറിയിച്ചത്

Update: 2024-02-22 12:44 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ ആസ്‌ട്രേലിയൻ ഗായിക. ഗാനരചയിതാവ് കൂടിയായ ലെങ്ക ക്രിപാക് ആണ് കർണാടക ബി.ജെ.പി പങ്കുവച്ച പോസ്റ്റിനെതിരെ രംഗത്തെത്തിയത്. ഇതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് ബി.ജെ.പി സൈബർ വിഭാഗം.

ലെങ്ക രചിച്ച 'എവരിതിങ് അറ്റ് വൺസ്' എന്ന ഗാനം ഉപയോഗിച്ചു തയാറാക്കിയ റീൽ ആണ് വിമർശനത്തിനിടയാക്കിയത്. അനുവാദം കൂടാതെയാണ് ഗാനം ഉപയോഗിച്ചതെന്നു ചൂണ്ടിക്കാട്ടി അവർ തന്നെ രംഗത്തെത്തുകയായിരുന്നു. ഈ ഗാനം ഉപയോഗിക്കുന്നതിനു താൻ അനുവാദം നൽകിയിട്ടില്ലെന്ന് പോസ്റ്റിനു താഴെ ഇവർ കമന്റ് ചെയ്തു.

Advertising
Advertising

എന്നാൽ, ഇത് റീലാണെന്നും ഇതിന് എന്തിനാണ് അനുവാദമെന്നും ഒരു യൂസർ ചോദിച്ചതോടെ ലെങ്ക ക്രിപാക് കൂടുതൽ വിശദീകരണവുമായും രംഗത്തെത്തി. റീലിന്റെ ഉള്ളടക്കം രാഷ്ട്രീയമോ പരസ്യമോ ആണെങ്കിൽ അനുവാദം വേണമെന്ന് ഗായിക ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

പശ്ചാത്തല സംഗീതത്തിനപ്പുറം ലെങ്കയുടെ പാട്ടിലെ ഒരു ഭാഗം എടുത്തായിരുന്നു നരേന്ദ്ര മോദിയുടെ വിവിധ ദൃശ്യങ്ങൾ ചേർത്ത് വിഡിയോ തയാറാക്കിയിരുന്നത്. സൂര്യനെപ്പോലെ തപിക്കുന്നതും ഹാസ്യം പോലെ ലളിതവും മരത്തെപ്പോലെ ഊഷ്മളവും കടലിനെപ്പോലെ ഭീമാകാരവുമാണ് എന്നു തുടങ്ങുന്ന വരികളായിരുന്നു വിഡിയോയിൽ ഉപയോഗിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗാനരചയിതാവ് തന്നെ രംഗത്തെത്തിയത്.

നിരവധി ആസ്ട്രേലിയന്‍ ചിത്രങ്ങളില്‍ വേഷമിട്ട നടി കൂടിയാണ് ലെങ്ക ഈഡൻ ക്രിപാക് എന്ന ലെങ്ക. കന്നി ആൽബമായ 'ദി ഷോ' തന്നെ ഏറെ പ്രശംസ നേടുകയും ലെങ്കയ്ക്കു വലിയ ആരാധക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. അമേരിക്കൻ വസ്ത്ര നിർമാതാക്കളായ ഓൾഡ് നേവിയുടെ പരസ്യചിത്രങ്ങളിൽ ഉൾപ്പെടെ ഈ ഗാനം ഉപയോഗിക്കപ്പെട്ടു. 2008 ഒക്ടോബറിൽ പുറത്തിറങ്ങിയ ഗാനം അമേരിക്കൻ ചിത്രങ്ങളായ 'ആംഗസ്, തോങ്‌സ്, ആൻഡ് പെർഫെക്ട് സ്‌നോഗിങ്', 'മണിബാൾ' എന്നിവയിലും ഉപയോഗിച്ചിരുന്നു.

Summary: BJP Karnataka deletes Instagram Reel on PM Narendra Modi after Australian singer Lenka Kripac objects to using her song without permission

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News