400 കാറുകളുടെ അകമ്പടി, സൈറൺ; മധ്യപ്രദേശിൽ സിന്ധ്യയുടെ അടുപ്പക്കാരൻ ബിജെപി വിട്ട് കോൺഗ്രസിൽ

മുതിർന്ന നേതാക്കളായ കമൽനാഥും ദിഗ് വിജയ് സിങും ചേർന്ന് സ്വീകരിച്ചു.

Update: 2023-06-15 06:59 GMT
Editor : abs | By : Web Desk

ഭോപ്പാൽ: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശിൽ പാർട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കി ബിജെപി നേതാവ് കോൺഗ്രസിൽ. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ട ബൈജ്‌നാഥ് യാദവ് സിങ്ങാണ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ശിവ്പുരിയിൽനിന്ന് ഭോപ്പാലിലേക്ക് നാനൂറ് കാറുകളുടെ അകമ്പടിയിൽ മുന്നൂറു കിലോമീറ്റർ റോഡ് വഴി സഞ്ചരിച്ചാണ് ഇദ്ദേഹം പാർട്ടി പുനഃപ്രവേശത്തിനായി എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശിവ്പുരി ജില്ലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് സിന്ധ്യയുടെ അടുപ്പക്കാരനായ ബൈജ്‌നാഥ് സിങ്. കമൽനാഥ് സർക്കാറിനെ മറിച്ചിട്ട് കോൺഗ്രസ് വിട്ട സിന്ധ്യയ്‌ക്കൊപ്പം നിന്നിരുന്ന ഇദ്ദേഹത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാനിടയില്ലെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് സിങ് തിരിച്ചെത്തുന്നത്.

Advertising
Advertising

പാർട്ടിയുടെ മുതിർന്ന നേതാക്കളായ കമൽനാഥും ദിഗ് വിജയ് സിങും ചേർന്ന് ഇദ്ദേഹത്തെ സ്വീകരിച്ചു. ബൈജ്‌നാഥിനൊപ്പം 15 ജില്ലാ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ തിരിച്ചെത്തി. ശിവ്പൂരിൽ നിന്ന് ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിലേക്ക് നാനൂറ് കാറുകളിൽ സൈറൺ മുഴക്കിയാണ് ഇവരെത്തിയത്. 



സൈറൺ മുഴക്കിയുള്ള ആഘോഷവരവിനെ ബിജെപി ചോദ്യം ചെയ്തു. കോൺഗ്രസിന്റെ ഫ്യൂഡൽ മനഃസ്ഥിതിയാണ് ഇതിന് പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി. റോഡിലെയും തെരുവിലെയും വിഐപി സംസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിവാക്കിയതാണ്. എന്നാൽ കോൺഗ്രസിന്റെ ഫ്യൂഡൽ മനോഭാവം മാറിയിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം- ബിജെപി വക്താവ് ഡോ. ഹിതേഷ് ബാജ്‌പേയി ആവശ്യപ്പെട്ടു. 

ഈ വർഷം അവസാനമാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്. കർണാടക മാതൃകയിൽ സംസ്ഥാനം പിടിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കർണാടകയിൽ പ്രഖ്യാപിച്ച തരത്തിലുള്ള ജനകീയ പദ്ധതികൾ മധ്യപ്രദേശിലും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു എങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും പാർട്ടി വിട്ടതോടെ അധികാരം നഷ്ടപ്പെടുകയായിരുന്നു. സിന്ധ്യയ്‌ക്കൊപ്പം 23 എംഎൽഎമാരാണ് കോൺഗ്രസ് വിട്ടത്. അതില്‍ പ്രധാനിയാണ് ബൈജ്നാഥ് സിങ്. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News