'നസാകത്ത് ഭായ്, നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഞങ്ങളെ രക്ഷിച്ചു'; ഭീകരാക്രമണത്തിൽ നിന്ന് രക്ഷിച്ച കശ്മീരി യുവാവിനെക്കുറിച്ച് ബിജെപി നേതാവ്

ടൂറിസ്റ്റ് ​ഗൈഡും ഷാൾ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ ബിജെപി നേതാവുൾപ്പെടെ 11 പേരെയാണ് രക്ഷിച്ചത്.

Update: 2025-04-25 06:03 GMT

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ പൊലിഞ്ഞതിൽ രാജ്യത്തിന്റെ ഞെട്ടലും വിങ്ങലും വിട്ടുമാറിയിട്ടില്ല. സുരക്ഷയ്ക്കായി സൈന്യമോ പൊലീസോ ഇല്ലാതിരുന്ന ബൈസരനിൽ വെടിവയ്പ്പിൽ നിന്ന് വിനോദസ‍ഞ്ചാരികളെ രക്ഷപെടുത്തിയത് അവിടുത്തെ കച്ചവടക്കാരും കുതിരസവാരിക്കാരുമുൾപ്പെടുന്ന നാട്ടുകാരായിരുന്നു. തങ്ങളെ രക്ഷിച്ച കശ്മീരികളുടെ സഹജീവി സ്നേഹത്തെക്കുറിച്ച് മലയാളികൾ അടക്കമുള്ള വിനോദസഞ്ചാരികൾ ഇതിനോടകം തുറന്നുപറയുകയും ചെയ്തിരുന്നു.

മറുവശത്ത് കശ്മീരികൾക്കെതിരെയുൾപ്പെടെ വിദ്വേഷ പ്രചാരണം നടത്തുകയാണ് സംഘ്പരിവാർ പ്രവർത്തകർ. എന്നാൽ ഇപ്പോഴിതാ, താനടക്കമുള്ള വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിച്ച ഒരു കശ്മീരി യുവാവിനെ പ്രകീർത്തിച്ച് ഒരു ബിജെപി നേതാവ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഛത്തീസ്​ഗഢിലെ ബിജെപി യുവമോർച്ച നേതാവും ചിർമിരി സ്വദേശിയുമായ അരവിന്ദ് എസ്. അ​ഗർവാളാണ് തന്നെ രക്ഷിച്ചയാളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Advertising
Advertising

ടൂറിസ്റ്റ് ​ഗൈഡും ഷാൾ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷായാണ് അരവിന്ദിനെയും സംഘത്തേയും രക്ഷപെടുത്തിയത്. 'നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഞങ്ങളെ രക്ഷിച്ചു, നസാകത്ത് ഭായിയുടെ ഉപകാരത്തിന് ഞങ്ങൾക്ക് ഒരിക്കലും പകരം നൽകാൻ കഴിയില്ല'- എന്നാണ് ഇതേക്കുറിച്ച് അരവിന്ദിന്റെ പോസ്റ്റ്. പോസ്റ്റിനടിയിൽ നിരവധി പേരാണ് നസാകത്തിന്റെ പ്രവൃത്തിയെ വാഴ്ത്തിയും ആദരവും നന്ദിയുമറിയിച്ചും രം​ഗത്തെത്തിയിരിക്കുന്നത്.

'ഒത്തിരിയൊത്തിരി നന്ദി നസാകത്ത് ഭായ്, ഞങ്ങളുടെ സഹോദരനും കുടുംബവും സുഖമായിരിക്കുന്നു' എന്നാണ് സുധ അ​ഗർവാൾ എന്ന സ്ത്രീയുടെ കമന്റ്. 'ചിർമിരി മുഴുവൻ നിങ്ങളോട് നന്ദിയുള്ളവരാണ് നസാകത്ത് ഭായ്' എന്ന് അമിത് ജെയ്ൻ എന്നയാളും പറയുന്നു. അരവിന്ദ് ഉൾപ്പെടെ 11 പേരുടെ ജീവൻ തുണി വ്യാപാരിയായ നസാകത്ത് അലി തന്റെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചതായി വിവരാവകാശ പ്രവർത്തകനായ തുകേഷ് രാത്രെ കുറിച്ചു.

'അതുകൊണ്ട്, മുസ്‌ലിംകൾ നമ്മുടെ ശത്രുക്കളാണെന്ന ഈ ചിന്ത നിങ്ങളുടെ മനസിൽ നിന്ന് എടുത്തുകളണം. എല്ലാ സമൂഹത്തിലും നല്ലവരും ചീത്തയാളുകളും ക്രിമിനൽ ഘടകങ്ങളും കാണാം. എന്നാൽ മനുഷ്യത്വത്തെ സ്നേഹിക്കുന്ന ആളുകൾ എല്ലാ സമൂഹത്തിലും ഉണ്ട്. മനുഷ്യത്വത്തെ സ്നേഹിക്കുന്നവരോടൊപ്പം നിൽക്കുകയും വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തുരത്തുകയും വേണം. ബിജെപിക്കാരനാണെങ്കിലും അരവിന്ദ് അഗർവാൾ തന്റെ ഫേസ്ബുക്ക് വാളിൽ നസകത്ത് അലി സാഹിബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. നസാകത്ത് അലിക്ക് സല്യൂട്ട്'- തുകേഷ് കൂട്ടിച്ചേർത്തു.

ഛത്തീസ്​ഗഢിൽ മൂന്ന് മാസമായി ഷാൾ വിൽക്കുന്ന നസാകത്ത് ഷാ ഏപ്രിൽ 17നാണ് കശ്മീരിൽ തിരിച്ചെത്തിയത്. തുടർന്ന് ടൂറിസ്റ്റ് ​ഗൈഡായി ജോലി നോക്കുകയായിരുന്നു. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമത്തിൽ നിന്ന് മൂന്നു കുട്ടികളടക്കം 11 പേരെയാണ് നസാകത്ത് അലി രക്ഷപെടുത്തിയത്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകളും തങ്ങളെ രക്ഷിച്ച കശ്മീരി യുവാക്കളെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിരുന്നു. നാട്ടുകാർ വളരെയധികം സഹായിച്ചു. അവരാണ് റൂമും കാര്യങ്ങളുമെല്ലാം ചെയ്തു തന്നത്. അതിന് പണമൊന്നും വാങ്ങിയില്ല. മുസാഫിർ, സമീർ എന്നീ എന്ന കശ്മീരി ഡ്രൈവർമാർ സഹോദരിയെ പോലെയാണ് തന്നെ നോക്കിയതെന്നും രാമചന്ദ്രന്റെ മകള്‍ ആരതി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാത്രി മൂന്ന് മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു. അപ്പോഴൊക്കൊ ഇവരായിരുന്നു കൂടെ. കശ്മീരില്‍ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടേയെന്നും ഞാൻ പറഞ്ഞു'- ആരതി വിശദമാക്കി.

ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം മലയാളിയടക്കം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15ലധികം പേര്‍ക്ക് പരിക്കേറ്റു.

Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News