പരോളിന് പിന്നാലെ ബലാത്സം​ഗ-കൊലക്കേസ് പ്രതി ഗുർമീത് റാം നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ബി.ജെ.പി നേതാക്കൾ

ബലാത്സം​ഗ- കൊലക്കേസ് പ്രതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കൾ ഇത്തരം കേസുകളിൽ തങ്ങളുടെ പാർട്ടി നിലപാടാണ് വ്യക്തമാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Update: 2022-10-20 07:07 GMT

കർണാൽ: പരോളിൽ ഇറങ്ങിയതിനു പിന്നാലെ ബലാത്സം​ഗ, കൊലപാതക കേസ് പ്രതിയായ ദേരാ സച്ചാ സൗദ മേധാവി ​ഗുർമീത് റാം റഹീം സിങ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ബി.ജെ.പി നേതാക്കൾ. ഓൺലൈനായി സംഘടിപ്പിച്ച 'സത്‌സം​ഗ്' എന്ന പരിപാടിയിലാണ് ബിഹാറിൽ നിന്നുള്ള ബി.ജെ.പി മേയർ അടക്കമുള്ളവർ പങ്കെടുത്തത്.

കർണാൽ മേയർ രേണു ബാല ​ഗുപ്ത, ഡെപ്യൂട്ടി മേയർ നവീൻ കുമാർ, സീനിയർ ഡെപ്യൂട്ടി മേയർ രാജേഷ് അ​ഗ്​ഗി തുടങ്ങിയവരാണ് പരിപാടിയിൽ പങ്കാളികളായത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി നേതാക്കൾ രം​ഗത്തെത്തി. യു.പിയിൽ നിന്നാണ് ഓൺലൈൻ സത്സംഗ് നടത്തിയത്.

Advertising
Advertising

'എന്റെ വാർഡിലെ പലർക്കും ബാബയുമായി ബന്ധമുണ്ട്. സാമൂഹിക ബന്ധത്തിന്റെ ഭാഗമായാണ് ഞങ്ങൾ പരിപാടിയിൽ എത്തിയത്. ഇതിന് ഭാരതീയ ജനതാ പാർട്ടിയുമായും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ല'- എന്നാണ് മേയറുടെ വാദം.

സത്‌സംഗിനെ കുറിച്ച് വിവരമറിഞ്ഞ എല്ലാവരും അവിടെ എത്തിയതായി ഡെപ്യൂട്ടി മേയർ നവീൻകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ റാം റഹീമിന്റെ അനുഗ്രഹം വാങ്ങുമോ എന്ന ചോദ്യത്തിന്, ജനങ്ങൾ അദ്ദേഹത്തെ അവരുടെ വാർഡിൽ നിന്ന് തിരഞ്ഞെടുത്തുവെന്നും പൊതുജനങ്ങൾ മാത്രമാണ് അത് തീരുമാനിക്കുന്നതെന്നും നവീൻ പറഞ്ഞു.

പരോളിനെ കുറിച്ച് ചോദിച്ചപ്പോൾ, അത് ഓരോരുത്തരുടേയും താൽപര്യവും ആവശ്യവും പ്രകാരം അതിന് അപേക്ഷിക്കാമെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി. ദീപാവലി ആഘോഷത്തിനായാണ് ബാബയ്ക്ക് പരോൾ ലഭിച്ചത്. അതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും നവീൻ അവകാശപ്പെട്ടു.

അതേസമയം, ബലാത്സം​ഗ- കൊലക്കേസ് പ്രതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കൾ ഇത്തരം കേസുകളിൽ തങ്ങളുടെ പാർട്ടി നിലപാടാണ് വ്യക്തമാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വരുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ​ഗുർമീത് റാമിന് പരോൾ ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

40 ദിവസത്തെ പരോളാണ് ഗുർമീതിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹരിയാനയിലെ ആദംപൂർ ഉപതെരഞ്ഞെടുപ്പിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ അനുവദിച്ചത്. നവംബർ മൂന്നിനാണ് ആദംപൂർ ഉപതെരഞ്ഞെടുപ്പ്. നേരത്തെ ജൂൺ 17നും ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

പരോളിലിറങ്ങിയ ബലാത്സംഗ കുറ്റവാളിക്ക് അനുയായികൾ ഗംഭീര സ്വീകരണം നൽകിയാണ് സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലിലാണ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കഴിഞ്ഞിരുന്നത്. സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News