ഇന്ത്യ-യുഎസ് കരാറില്‍ രാഹുല്‍ തെറ്റിദ്ധരിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങള്‍: അധിക്ഷേപവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു

Update: 2026-02-12 11:05 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. രാഹുല്‍ നുണയനാണെന്നും ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ സംബന്ധിച്ച് രാഹുല്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗോയല്‍ പറഞ്ഞു. കാര്‍ഷിക മേഖല പൂര്‍ണമായും സംരക്ഷിക്കപ്പെടുകയാണുണ്ടായതെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ട്രംപിന് വിറ്റുവെന്ന് ആരോപിച്ച രാഹുല്‍, അമേരിക്കക്ക് മുന്‍പില്‍ പൂര്‍ണമായി കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന സ്വാതന്ത്ര്യം പോലും ഇപ്പോള്‍ ഇന്ത്യക്ക് ഇല്ല. കേന്ദ്ര ബജറ്റില്‍ രാജ്യത്തിനായി ഒന്നുമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ, അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു.

Advertising
Advertising

കേന്ദ്ര ബജറ്റില്‍ രാജ്യത്തിനായി ഒന്നുമില്ലെന്നും രാഹുല്‍ വിമര്‍ശിക്കുകയുണ്ടായി. അമേരിക്കയുടെ ആധിപത്യത്തെ ചൈനയും റഷ്യയും മറ്റ് ശക്തികളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. യുഎസിന്റെ അപ്രമാദിത്തം വെല്ലുവിളി നേരിടുകയാണ്. ഡോളര്‍ വെല്ലുവിളി നേരിടുകയാണ്. അപ്പോഴാണ് ഇന്ത്യ യുഎസിന് കീഴടങ്ങിയത്. രാജ്യം എന്ന നിലയ്ക്ക് സ്വന്തം ശക്തി തിരിച്ചറിയണം. യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായി. ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. ഇന്‍ഡ്യാ സഖ്യമാണ് ചര്‍ച്ച നടത്തിയതെങ്കില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കുമായിരുന്നു. കര്‍ഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയുമായിരുന്നു -രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെയാണ് വാണിജ്യമന്ത്രി പീയുഷ് ഗോയലിന്റെ അധിക്ഷേപം. കാര്‍ഷികമേഖലയെ പുതിയ കരാര്‍ പൂര്‍ണമായും ബാധിക്കുമെന്ന് പറഞ്ഞ് രാഹുല്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ നുണയനാണെന്നും ഗോയല്‍ പറഞ്ഞു. കാര്‍ഷികമേഖലയെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലുള്ള കരാറാണ് ഇന്ത്യയും യുഎസും ഒപ്പുവെച്ചിരിക്കുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തിയിരുന്നു. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചുവെന്നതുള്‍പ്പെടെയുള്ള വിവാദവിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും ബിജെപി എംപിമാരും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങള്‍ക്കിടയിലാണ് ദുബെയുടെ നീക്കം.

എപ്‌സ്റ്റൈന്‍ ഫയല്‍സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News