'വിദേശ വനിതക്ക് ജനിച്ച ഒരാൾക്ക് ഒരിക്കലും രാജ്യസ്‌നേഹിയാകാൻ കഴിയില്ല'; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി

'താന്‍ നീരവ് മോദിയെയും ലളിത് മോദിയെയും മാത്രം ഉദ്ദേശിച്ചതാണെന്ന് രാഹുലിന് കോടതിയിൽ പറയാമായിരുന്നു. പക്ഷേ മനഃപൂർവം അത് പറഞ്ഞില്ല'

Update: 2023-03-28 10:09 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി ബി.ജെ.പി എം.പി സഞ്ജയ് ജയ്സ്വാൾ. വിദേശ വനിതക്ക് ജനിച്ച ഒരാൾക്ക് ഒരിക്കലും രാജ്യസ്‌നേഹിയാകാൻ കഴിയില്ല,' ജയ്സ്വാൾ എൻഡിടിവിയോട് പറഞ്ഞു. ഇത് 2,000 വർഷങ്ങൾക്ക് മുമ്പുള്ള ചാണക്യന്റെ വാക്കുകളാണെന്നും അത് ഇന്ന് താൻ ഓർമ്മിപ്പിച്ചെന്നുമാത്രമമെന്നും അദ്ദേഹം പറഞ്ഞു.

'ലണ്ടനിലെ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തെയും ജയ്സ്വാൾ വിമർശിച്ചു. 'രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചു. ഒരു രാജകുമാരനാണെന്നായിരുന്നു രാഹുൽ സ്വയം കരുതിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ അസ്വസ്ഥനാണ്. എന്നാൽ കഴിഞ്ഞ രണ്ട് ടേം മുതൽ പ്രധാനമന്ത്രി ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുകയാണ്' ജയ്സ്വാൾ പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കെതിരെയുള്ള അവഹേളനപരമായ പ്രസംഗമാണ് രാഹുൽ നടത്തിയതെന്ന് സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു, അദ്ദേഹം എവിടെ പോയാലും ഒബിസിവിഭാഗങ്ങളുടെ രോഷം നേരിടേണ്ടിവരുമെന്ന് അവകാശപ്പെട്ടു. 

'കോടതി അദ്ദേഹത്തിന് മാപ്പ് പറയാന്‍ അവസരം നൽകിയിരുന്നു. തന്റെ പരാമർശം നീരവ് മോദിയെയും ലളിത് മോദിയെയും മാത്രം ഉദ്ദേശിച്ചതാണെന്നും കോടതിയിൽ പറയാമായിരുന്നു. പക്ഷേ അദ്ദേഹം മനഃപൂർവം അത് പറഞ്ഞില്ല.' ജയ്സ്വാൾ പറഞ്ഞു.

ഭോപ്പാലിൽ നിന്നുള്ള ബിജെപി എം.പി പ്രജ്ഞാ സിംഗ് താക്കൂറും രാഹുലിനെതിരെ ഇതേ പരാമർശം നടത്തിയിരുന്നു. രാഹുലിനെ ഇന്ത്യയിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിക്കരുതെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നുമായിരുന്നു പജ്ഞാ സിംഗ് താക്കൂർ പറഞ്ഞത്.

രാഹുൽ ഗാന്ധി ഇന്ത്യയിൽ നിന്നല്ലെന്ന് അവർ സമ്മതിക്കുന്നതായും അവർ പറഞ്ഞു. 'നിങ്ങൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾക്കറിയാം.. വിദേശ വനിതയിൽ ജനിച്ച മകൻ ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിട്ടുണ്ടെന്നും അവർ ഈ മാസം ആദ്യം പറഞ്ഞിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News