ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശവസംസ്കാര ചെലവ് വഹിക്കില്ലെന്ന് ബിജെപി; 25 ലക്ഷം രൂപയുടെ ബില്ല് കുടുംബത്തിന് കൈമാറി, പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, നിരവധി ഉന്നത ബിജെപി നേതാക്കളും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് വഹിക്കില്ലെന്ന് ബിജെപി. 25 ലക്ഷം രൂപയുടെ ബില്ലുകൾ അടയ്ക്കേണ്ടി വന്നതോടെയാണ് വിജയ് രൂപാണിയുടെ കുടുംബം ഇക്കാര്യം അറിയുന്നത്.ഇതോടെ കുടുംബവും വെട്ടിലായി.
2025 ജൂൺ 16 ന് രാജ്കോട്ടിലായിരുന്നു രൂപാണിയുടെ ശവസംസ്കാര ഘോഷയാത്ര നടന്നത്. സംസ്കാരം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് വിവാദം പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, നിരവധി ഉന്നത ബിജെപി നേതാക്കളും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുമടക്കം നിരവധി പേരാണ് വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
ചടങ്ങുകള്‍ക്ക് വേണ്ട പൂക്കൾ, ടെന്റുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയുടെ ബില്ലുകൾ പാര്‍ട്ടി വഹിക്കുന്നതിനുപകരം വിജയ് രൂപാണിയുടെ കുടുംബത്തിന് ആരുമറിയാതെ കൈമാറുകയായിരുന്നു. ജൂലൈയില്‍ ശവസംസ്കാര ചടങ്ങുകള്‍ക്ക് വേണ്ടി സാധനങ്ങള്‍ നല്‍കിയ വ്യാപാരികൾ പണം ആവശ്യപ്പെട്ട് വീട്ടുവാതിൽക്കൽ എത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ സത്യമറിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുയരുന്നത്. രൂപാണിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ വേദനിച്ചിരിക്കുന്ന കുടുംബത്തിന് വീണ്ടും പാര്‍ട്ടി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഒരുവിഭാഗം നേതാക്കള്‍ തന്നെ പറയുന്നു. പാർട്ടി അണികളിൽ മുറുമുറുപ്പുകൾ പടർന്നപ്പോഴും രൂപാണിയുടെ കുടുംബം കടങ്ങള്‍ വീട്ടാനായി തുടങ്ങിയിട്ടുണ്ട്.
രാജ്കോട്ട് സന്ദർശന വേളയിൽ ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സി.ആർ പാട്ടീൽ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ഈ ചോദ്യത്തിന് പിന്നീട് ഉത്തരം നല്‍കുമെന്നായിരുന്നു സി.ആർ പാട്ടീലിന്‍റെ പ്രതികരണം.
സൗരാഷ്ട്രയിലെ രണ്ട് ശക്തരായ നേതാക്കളാണ് പണം നിഷേധിക്കാൻ തീരുമാനമെടുത്തതെന്നാണ് ബിജെപിക്കുള്ളിലെ സംസാരം.പാർട്ടിയുടെ സൗരാഷ്ട്ര വിഭാഗത്തിനുള്ളിൽ ആഭ്യന്തര വിള്ളലുകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു.ഇത് ശക്തിപ്പെടുന്നതാണ് പുതിയ വിവാദം. ഗുജറാത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ അഴിച്ചുപണിയുടെ സൂചനയാണ് ഇത് നൽകുന്നതെന്നും പറയപ്പെടുന്നു. രൂപാണിയുടെ കുടുംബം ഇതിനകം തന്നെ ദുഃഖത്തിലായിരിക്കുന്നതും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് വലയുന്നതും കാണുന്നത് പാര്‍ട്ടി വിശ്വസ്തരിൽ വലിയ രീതിയില്‍ രോഷമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് ഗുജറാത്ത് ബിജെപി നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്.