ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ അംബേദ്കറിന് മുന്നിൽ കൈകൂപ്പുന്നു, എന്നിട്ട് പിന്നില്‍ നിന്ന് കുത്തുന്നു: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും എതിർക്കുമ്പോഴും തനിക്ക് മോദിയോടോ ആർ.എസ്.എസിനോടോ വെറുപ്പില്ലെന്നും ഹൃദയത്തിൽ ഭയമില്ലെന്നും രാഹുൽ

Update: 2022-11-27 05:15 GMT
Advertising

ബി.ജെ.പിയും ആർ.എസ്‌.എസും ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവരുടെ നേതാക്കൾ ബി.ആർ അംബേദ്കറിന് മുന്നിൽ കൈകൂപ്പുന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയോടും ആർ.എസ്.എസ് ഇതുതന്നെയാണ് ചെയ്യുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയതാണ് രാഹുല്‍. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് അംബേദ്കറുടെ ജന്മസ്ഥലമായ മോവിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭരണഘടന വെറുമൊരു പുസ്തകമല്ലെന്നും ചിന്തയും ശബ്ദവുമാണെന്നും ആ ശക്തിയെ ഇല്ലാതാക്കാനാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി- "അവർ (ബി.ജെ.പി-ആർ.എസ്.എസ്) ഇത് ആദ്യം ചെയ്യും. അവർ അംബേദ്കറിനു മുന്നിൽ കൈകൂപ്പുന്നു, എന്നിട്ട് ഭരണഘടന ഇല്ലാതാക്കാനും കീറിമുറിക്കാനും ശ്രമിക്കുന്നു. ബാബാസാഹെബ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത് ഭരണഘടന നിര്‍മാണത്തിനാണ്. അംബേദ്കറെ പരസ്യമായി അപമാനിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. ഗാന്ധിജിയോടും അവർ അത് തന്നെയാണ് ചെയ്യുന്നത്. എന്തായിരുന്നു ഗാന്ധിജിയുടെ സന്ദേശം? ഭയപ്പെടേണ്ടെന്നും അക്രമത്തിൽ ഏർപ്പെടരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആർ.എസ്.എസുകാർ ഇപ്പോൾ എന്താണ് ചെയ്യുന്നത്? മുമ്പ് അവർ ഗാന്ധിജിക്ക് മുന്നിൽ കൈ കൂപ്പിയിരുന്നില്ല. മുമ്പ് അവർ ഗോഡ്‌സെയുടെ മുന്നിൽ കൈകൂപ്പി. എന്നാൽ ഇന്ന് ഗാന്ധിജിയെ വണങ്ങാന്‍ അവര്‍ നിർബന്ധിതരാകുന്നു. അവർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കൈകൾ കൂപ്പുന്നു. പക്ഷേ അദ്ദേഹത്തിന്റെ അഹിംസയുടെ സന്ദേശം മായ്‌ച്ചുകളയുന്നു".

"എന്റെ മുത്തശ്ശിക്ക് 32 തവണ വെടിയേറ്റു. എന്റെ അച്ഛൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എനിക്ക് നേരെ നിരന്തരം അക്രമം നടന്നു. എങ്കിലും എന്റെ ഹൃദയത്തിൽ ഭയമില്ല അത് സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു"- എന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും എതിർക്കുമ്പോഴും തനിക്ക് മോദിയോടോ ആർ.എസ്.എസിനോടോ വെറുപ്പില്ലെന്നും തന്റെ ഹൃദയത്തിൽ ഭയമില്ലെന്നും രാഹുൽ പറഞ്ഞു- "ഭയമാണ് വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഞാൻ ബി.ജെ.പിയോടും മോദിയോടും അമിത് ഷായോടും ആർ.എസ്.എസുകാരോടും പറയുന്നു സഹോദരന്മാരേ, ഭയം ഇല്ലാതാക്കൂ, നിങ്ങളുടെ വിദ്വേഷം അപ്രത്യക്ഷമാകും. നിങ്ങളുടെ ഭയം രാജ്യത്തിന് നാശമുണ്ടാക്കുന്നു".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News