'പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു'; എൻഡിഎ സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന നടനെ സസ്പെന്‍ഡ് ചെയ്ത് ബി.ജെ.പി

മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹക്കെതിരെയാണ് പവന്‍ മത്സരിക്കുന്നത്

Update: 2024-05-22 09:28 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ്ങിനെ ബി.ജെ.പി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിഹാറിലെ കാരക്കാട്ട് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് പവൻ സിങ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഷ്ട്രീയ ലോക് മോർച്ചയുടെ തലവനും മുൻ കേന്ദ്രമന്ത്രി കൂടിയായ ഉപേന്ദ്ര കുശ്വാഹയാണ് ഇവിടെ എൻ.ഡി.എയുടെ സ്ഥാനാർഥി. നേരത്തെ പശ്ചിമ ബംഗാളിലെ അസൻസോളിൽ മത്സരിക്കാൻ ബി.ജെ.പി സീറ്റ് നൽകിയിരുന്നെങ്കിലും അത് പവൻ സിങ് നിരസിക്കുകയായിരുന്നു.

Advertising
Advertising

'എൻഡിഎയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെയാണ് നിങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിങ്ങളുടെ ഈ പ്രവൃത്തി പാർട്ടിക്ക് എതിരാണ്, പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും പാർട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്തു'.. ബി.ജെ.പിയുടെ ബിഹാർ യൂണിറ്റ് നടന് അയച്ച കത്തിൽ പറയുന്നു.

സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് ബിഹാർ ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരിയാണെന്നും കത്തിലുണ്ട്. പവൻ സിങ്ങിന്റെ അമ്മ പ്രതിമ സിങും ഇതേ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് കാരക്കാട്ട് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനാണ് താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് പവൻ സിങ് പറഞ്ഞു.'എന്റെ അമ്മയ്ക്കും സമൂഹത്തിനും ജനങ്ങൾക്കും നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പവൻ സിങ് വ്യക്തമാക്കി.

അസൻസോളിൽ തൃണമൂൽ കോൺഗ്രസ് എംപിയും നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹയ്ക്കെതിരെ പവൻ സിങിനെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. എന്നാൽ ആ വാഗ്ദാനം പവൻ സിങ് നിഷേധിക്കുകയായിരുന്നു. അസൻസോളിൽ നിന്ന് പിന്മാറാനുള്ള കാരണം ഇതുവരെയും പവൻ വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News