വാഗ്ദാനങ്ങളൊന്നുമില്ല, താലിബാനും അഫ്ഗാനും പറഞ്ഞ് ബി.ജെ.പി വോട്ടു പിടിക്കുന്നുവെന്ന് മെഹ്ബൂബ മുഫ്തി

വോട്ടു ബാങ്കല്ലാത്തതിനാല്‍ ചൈനയുടെ ലഡാക് അധിനിവേശം ബി.ജെ.പി ഉന്നയിക്കില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

Update: 2021-09-19 16:30 GMT
Editor : Suhail | By : Web Desk
Advertising

താലിബാനെ ഉപയോഗിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്ന വിമര്‍ശനവുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. താലിബാനും അഫ്ഗാനിസ്ഥാനും പാകിസ്താനും ഉയര്‍ത്തി വോട്ടു തേടുന്ന ബി.ജെ.പി ഭരണത്തിന് കീഴില്‍, കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും, ജമ്മു കശ്മീരിനെ നശിപ്പിക്കുകയാണ് ഭരണകൂടം ചെയ്തതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഏഴു പതിറ്റാണ്ടു കാലം കൊണ്ട് രാജ്യം നേടിയതെല്ലാം വില്‍ക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തെ എല്ലാത്തിന്റെയും വില കൂട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഭാവിയില്‍ പ്രതിപക്ഷ നേതാക്കളെ വാങ്ങിക്കുന്നതിനും, അടക്കിനിര്‍ത്തുന്നതിനും വേണ്ട പണം സ്വരൂപിക്കുകയാണ് പാര്‍ട്ടിയെന്നും പി.ഡി.പി അധ്യക്ഷ പരിഹസിച്ചു.

താലിബാനുമായി ചേര്‍ത്തു പറഞ്ഞും കശ്മീരികളുടെ സ്വയംഭരണ നയത്തെ സൂചിപ്പിച്ചും തങ്ങളെ രാജ്യവിരുദ്ധരാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തങ്ങളെ രാജ്യവിരുദ്ധരാക്കുന്നതിന് പകരം, രാജ്യത്തെ കുറിച്ച് ശ്രദ്ധിക്കണമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി, കര്‍ഷക പ്രക്ഷോഭം എന്നിവയെ പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും മുഫ്തി പറഞ്ഞു.

ഹിന്ദു അപകടത്തിലാണെന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദുവല്ല, ഇന്ത്യയും ജനാധിപത്യവുമാണ് ബി.ജെ.പിക്കു കീഴില്‍ അപകടത്തിലായിരിക്കുന്നതെന്നും മെഹ്ബുബ മുഫ്തി പറഞ്ഞു. വിവിധ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ, താലിബാനും അഫ്ഗാനിസ്ഥാനും ഉയര്‍ത്തി വോട്ടു നേടാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അത് ഏശിയില്ലങ്കില്‍, പാകിസ്താനും ഡ്രോണ്‍ ആക്രമണവും അവര്‍ ഉന്നയിക്കും. എന്നാല്‍ ലഡാക്കിലെ ചൈനീസ് അധിനിവേശത്തെ കുറിച്ച് അവര്‍ മിണ്ടില്ല, കാരണം അത് വോട്ടു കൊണ്ടു തരില്ലെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന 370 ാം അനുച്ഛേദം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതു മുതല്‍, ജമ്മു കശ്മീര്‍ ജനതക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. വിഭജന കാലത്ത് ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയാണ് രാജ്യത്തെ ഭരണകൂടമെങ്കില്‍, ജമ്മു കശ്മീര്‍ ഒരിക്കലും ഇന്ത്യയോട് ചേരുമായിരുന്നില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News