2025ഓടെ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഇന്ത്യയെ സംവരണരഹിത രാജ്യമാക്കുക എന്ന ആർഎസ്എസ് ആശയമാണ് ബിജെപി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Update: 2024-04-28 04:42 GMT
Advertising

​ഹൈദരാബാദ്: 2025ഓടെ ഇന്ത്യയുടെ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നതർ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'2025ഓടെ ഭരണഘടന മാറ്റി ആർഎസ്എസിന്റെ രീതിക്കനുസരിച്ച് ആക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് അവർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ‘400 പാർ’ മുദ്രാവാക്യം ഇതിനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ബിജെപിയും എസ്.സി- എസ്ടി- ബിസി- ഒബിസി എന്നീ വിഭാ​ഗങ്ങൾക്കു മേൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയാണ്'- ഹൈദരാബാദിൽ നടന്ന വാർത്താസമ്മേളനത്തിൽ റെഡ്ഡി പറഞ്ഞു.

'ഇത് നമ്മൾ തടുക്കാൻ ശ്രമിക്കുമ്പോൾ മോദിയും അമിത് ഷായും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി, ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് സംവരണം നൽകാനായി 1978ൽ മണ്ഡൽ കമ്മീഷൻ സ്ഥാപിതമായി. കമ്മീഷൻ വിവിധ സംവരണങ്ങൾ മുന്നോട്ടുവയ്ക്കുകയും അന്നത്തെ പ്രധാനമന്ത്രി വിപി സിങ് സംവരണം നടപ്പാക്കുകയും ചെയ്തു'- രേവന്ത് റെഡ്ഡി പറഞ്ഞു.

'അന്ന് ആർഎസ്എസ് അനുബന്ധ സംഘടനകൾ മണ്ഡൽ കമ്മീഷനെയും സംവരണത്തേയും എതിർക്കുകയാണുണ്ടായത്. സുപ്രിംകോടതി‌ ബിസി സംവരണം അനുവദിക്കുകയും അത് പട്ടികജാതി- വർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധന വയ്ക്കുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

'ഇന്ന്, നിരവധി ബിസി, ഒബിസി നേതാക്കൾ 50 ശതമാനം പരിധി നീക്കണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. അധികാരത്തിൽ വന്നാലുടൻ പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തുമെന്നും അതനുസരിച്ച് സംവരണം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഞങ്ങൾ ഇന്ത്യയുടെ എക്‌സ്‌റേ എടുക്കുമെന്നും ഫണ്ട് അനുവദിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു'- രേവന്ത് റെഡ്ഡി വ്യക്തമാക്കി.

ഇന്ത്യയെ സംവരണരഹിത രാജ്യമാക്കുക എന്ന ആർഎസ്എസ് ആശയമാണ് ബിജെപി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'സംവരണ രഹിത രാജ്യം ആക്കാനും രാജ്യത്തെ മുഴുവൻ ഒരൊറ്റ ഹിന്ദു രാഷ്ട്രമായി കാണിക്കാനും ആർഎസ്എസ് ഗൂഢാലോചന നടത്തുകയാണ്. ഈ ആർഎസ്എസ് ആശയമാണ് ബിജെപി നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമം, ആർട്ടിക്കിൾ 370, മുത്തലാഖ് തുടങ്ങിയ ആർഎസ്എസ് ആശയങ്ങൾ ബിജെപി ഇതിനകം നടപ്പാക്കിയിട്ടുണ്ട്'.

തോൽക്കുമെന്ന് പ്രധാനമന്ത്രി ഭയപ്പെടുന്നു. വിവിധ ഭാഷകളിലും മതങ്ങളിലും മറ്റുമുള്ള ആളുകൾക്കിടയിൽ ഭിന്നിപ്പും സംഘർഷവും സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News