'കെജ്‌രിവാളിന് ജയിലിൽ ഇൻസുലിൻ നൽകുന്നില്ല; വധിക്കാൻ ശ്രമം'; ആരോപണവുമായി ഭാര്യ സുനിത

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സുനിത കെജ്‌രിവാൾ

Update: 2024-04-21 12:11 GMT
Editor : Shaheer | By : Web Desk
Advertising

റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ വകവരുത്താൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണവുമായി ഭാര്യ സുനിത കെജ്‌രിവാൾ. അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ലെന്ന് അവർ ആരോപിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ പോരാടി ഇൻഡ്യ വിജയം കാണുമെന്നും സുനിത പറഞ്ഞു.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ''എന്റെ ഭർത്താവ് അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാനാണ് അവരുടെ നീക്കം. കാമറ നിരീക്ഷണത്തിലാണ് അദ്ദേഹത്തിനു ഭക്ഷണം നൽകുന്നത്. ഇൻസുലിൻ നിഷേധിക്കപ്പെട്ടു. 12 വർഷമായി ഇൻസുലിനിൽ മുന്നോട്ടുപോകുന്ന പ്രമേഹരോഗിയാണ് അദ്ദേഹം. ദിവസവും 50 യൂനിറ്റ് ഇൻസുലിൻ വേണം അദ്ദേഹത്തിന്.''-റാലിയിൽ സുനിത പറഞ്ഞു.

ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനു, ജനസേവയുടെ പേരിലാണ് കെജ്‌രിവാൾ ജയിലിൽ പോയതെന്നും സുനിത പറഞ്ഞു. അദ്ദേഹത്തിനെതിരായ ഒരു കുറ്റവും തെളിയിക്കാനാകില്ല. ഏകാധിപത്യത്തിനെതിരെ നമ്മൾ പോരാടി വിജയം വരിക്കും. ജയിൽ കവാടങ്ങൾ തകർത്ത് കെജ്‌രിവാളും ഹേമന്ത് സോറനും പുറത്തുവരുമെന്നും അവർ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണു കഴിയുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ നേരിടുന്ന അദ്ദേഹത്തിന് മതിയായ പരിചരണമോ മരുന്നുകളോ നൽകുന്നില്ലെന്ന ആരോപണവുമായി നേരത്തെയും ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിനെ ജയിലിനകത്ത് വച്ച് അപായപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്നാണ് എ.എ.പി നേതാക്കൾ ആരോപിക്കുന്നത്.

Summary: 'BJP wants to kill Arvind Kejriwal,' wife Sunita says Delhi CM being denied insulin in jail

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News