വഖഫ് പ്രതിഷേധം; ബംഗാളിലെ ഹിന്ദുക്കളോട് ആയുധങ്ങൾ സൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് മുൻ ബിജെപി അധ്യക്ഷൻ
മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ പശ്ചിമബംഗാളിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഹിന്ദു സമുദായത്തിലെ അംഗങ്ങളോട് വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കാൻ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുൻ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
"ഹിന്ദുക്കൾ ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ, പുതിയ ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നു. പക്ഷേ അവരുടെ വീട്ടിൽ ഒരു ആയുധവുമില്ല. എന്തെങ്കിലും സംഭവിക്കുമ്പോൾ, അവർ പൊലീസിനെ വിളിച്ചുകൊണ്ടിരിക്കും. പൊലീസ് നിങ്ങളെ രക്ഷിക്കില്ല," നോർത്ത് 24 പർഗാനാസിൽ നടന്ന ഒരു പൊതു റാലിയിൽ ഘോഷ് പറഞ്ഞു. "പത്ത് വർഷം മുമ്പ് ആളുകൾക്ക് രാമനവമി ഘോഷയാത്രകൾ എന്താണെന്ന് അറിയില്ലായിരുന്നു. ഇന്ന് എല്ലാ പ്രദേശങ്ങളിലും ഇത്തരം ഘോഷയാത്രകൾ നടക്കുന്നത് ഹിന്ദുക്കൾ ഒന്നിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞതിനാലാണ്. ദൈവം പോലും ദുർബലരുടെ കൂടെ നിൽക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിന്‍റെ വിവാദ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
ബംഗാളിലുണ്ടായ അക്രമത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ തൃണമൂൽ കോണ്‍ഗ്രസ് ഘോഷിന്‍റെ പ്രസ്താവനയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കാൻ മുതിർന്ന ബിജെപി നേതാവ് ശ്രമിക്കുകയാണെന്ന് ടിഎംസിയുടെ മുർഷിദാബാദ് എംഎൽഎ ഹുമയൂൺ കബീർ ആരോപിച്ചു. "ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ പ്രതികാരം ഉണ്ടാകും. ഈ ബിജെപി നേതാക്കൾ മതം ഉപയോഗിച്ച് ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും പശ്ചിമ ബംഗാളിന്‍റെ ഐക്യവും സംസ്കാരവും തകർക്കുകയും ചെയ്യുന്നു," കബീറിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ബംഗാൾ അക്രമത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ബംഗ്ലാദേശി അക്രമികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
പശ്ചിമ ബംഗാളിൽ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഇര ഹിന്ദുക്കളാണെന്നും പൊലീസ് കലാപകാരികളെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. അതേസമയം ബംഗ്ലാദേശിൽ നിന്നുള്ള ക്രിമിനലുകളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിച്ചതായും കലാപങ്ങൾ സംഘടിപ്പിച്ചതായും മമത ആരോപിച്ചു. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച മുർഷിദാബാദിലെ സുതിയിലും സംസർഗഞ്ചിലും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൂന്ന് പേരാണ് സംഘര്‍ഷത്തിൽ മരിച്ചത്. സംസർഗഞ്ചിൽ 72 കാരനായ ഹരഗോബിന്ദോ ദാസും മകൻ ചന്ദൻ ദാസും (40) കുത്തേറ്റാണ് മരിച്ചത്. ഇസാസ് അഹമ്മദ് (25) പൊലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.