ബിജെപിയുടെ സമ്പാദ്യത്തിൽ 50% വർധന; കോൺഗ്രസിനേക്കാൾ അഞ്ചിരട്ടി കൂടുതൽ
682 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്
ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ സമ്പാദ്യത്തിൽ അമ്പത് ശതമാനത്തോളം വർധനയുണ്ടായതായി രേഖകൾ. 2018-19ലെ 2140 കോടിയിൽ നിന്ന് 3623 കോടി ആയാണ് സമ്പാദ്യം വർധിച്ചതെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ പാർട്ടിയുടെ മൊത്തം ചെലവ് 1005 കോടിയിൽ നിന്ന് 1651 കോടിയായി വർധിച്ചിട്ടുണ്ട്. 64 ശതമാനം വർധന.
സമ്പാദ്യത്തിലെ 2555 കോടി രൂപ ഇലക്ടോറൽ ബോണ്ട് വഴി ലഭിച്ചതാണ്. 2018-19 വർഷത്തിൽ ഇത് 1450 കോടി രൂപ മാത്രമായിരുന്നു. 2019-20 വർഷത്തെ തെരഞ്ഞെടുപ്പ് ചെലവ് 1352.92 കോടി രൂപയാണ്. 2018-19ൽ ഇത് 792.4 കോടി രൂപ മാത്രമായിരുന്നു.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ 5.3 മടങ്ങ് വർധനയാണ് ബിജെപിയുടെ സമ്പാദ്യത്തിൽ ഉണ്ടായത്. 682 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. മുൻ വർഷം ഇത് 998 കോടി രൂപയായിരുന്നു, 25 ശതമാനം ഇടിവാണ് പാർട്ടിക്കുണ്ടായത്. കോൺഗ്രസ്, ടിഎംസി, എൻസിപി, ബിഎസ്പി, സിപിഐ എന്നീ ആറ് ദേശീയ പാർട്ടികളുടെ മൊത്തം സമ്പാദ്യത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ് ബിജെപിയുടെ സമ്പാദ്യം എന്നതാണ് ഏറെ കൗതുകകരം.
ബിജെപി സ്വീകരിച്ച സംഭാവനകളിൽ 291 കോടി രൂപ വ്യക്തികളിൽ നിന്നാണ്. 238 കോടി കമ്പനികളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും. വെൽഫയർ സ്ഥാപനങ്ങളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും 281 കോടി. മറ്റുള്ളവരിൽ നിന്ന് 33 കോടി.
പരസ്യത്തിനായി നാനൂറു കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. 2018-19 വർഷത്തിൽ ഇത് 229 കോടി രൂപയായിരുന്നു. ഇലക്ട്രോണിക് മീഡിയയ്ക്കായി 249 കോടി രൂപയും പ്രിന്റ് മീഡിയയിൽ 47.4 കോടി രൂപയും ചെലവഴിച്ചു. നേതാക്കളുടെ വിമാനയാത്രയ്ക്കായി 250.5 കോടി രൂപയാണ് ചെലവഴിച്ചത്.
സിപിഎമ്മാണ് സമ്പാദ്യത്തിന്റെ കാര്യത്തിൽ മൂന്നാമത്; 158.6 കോടി രൂപ. തൃണമൂൽ കോൺഗ്രസിന് 143.7 കോടിയും ബിഎസ്പിക്ക് 58.3 കോടി രൂപയുമാണ് സമ്പാദ്യം. എൻസിപിക്ക് 85.6 കോടിയും സിപിഐക്ക് 6.6 കോടിയും.