പഞ്ചാബിൽ ബൂത്തുകൾ സന്ദർശിക്കുന്നതിൽനിന്ന് നടൻ സോനു സൂദിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി

Update: 2022-02-20 11:06 GMT
Advertising

സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ബോളിവുഡ് നടൻ സോനു സൂദിനെ ബൂത്തുകൾ സന്ദർശിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. താരം വോട്ടർമാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. അതേസമയം, പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ മേഖലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ബൂത്തുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. പ്രചാരണ രംഗത്തെ ആവേശം തന്നെയാണ് ബൂത്തുകളിലും പ്രതിഫലിക്കുന്നത്.

കാലത്ത് എട്ടു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് പഞ്ചാബിൽ പോളിംഗ് സമയം. കാലത്തു മുതൽ തന്നെ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ. നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. പഞ്ചാബിനെ സ്‌നേഹിക്കുന്നവരും മാഫിയകളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

രണ്ടു കോടി 15 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. മത്സര രംഗത്ത് 1304 സ്ഥാനാർഥികളുണ്ട്. 93 പേർ വനിതകളാണ്. കനത്ത സുരക്ഷയിലാണ് തെരഞ്ഞടുപ്പ് നടക്കുന്നത്, സംസ്ഥാനത്തെ 2013 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളാണ്. 20017 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ 77.36 ശതമാനമായിരുന്നു പഞ്ചാബിലെ പോളിംഗ് . ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഇത്തവണ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്ന് സൂചനയുണ്ട്.

അതേസമയം, യുപിയിലെ അമൃതപുർ മണ്ഡലത്തിലെ വോട്ടിംഗ് മെഷിനിൽ സമാജ് വാദി പാർട്ടി ചിഹ്നമില്ലെന്ന് പരാതി ഉയർന്നു. ഫാറൂഖാബാദ് ജില്ലയിലെ 38 നമ്പർ ബൂത്തിൽ സൈക്കിൾ ചിഹ്നമില്ലെന്നാണ് സമാജ് വാദി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Bollywood actor Sonu Sood has been barred from visiting booths by the Election Commission in Punjab, where state elections are being held.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News