ആ രണ്ടു കാറുകൾക്കും അജയ് മിശ്രയുമായി ബന്ധം; ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രിക്കും കുരുക്ക്

ഒരു കാർ മന്ത്രിയുടെ പേരിലും മറ്റൊരു കാർ മന്ത്രിയുടെ മകന്റെ സുഹൃത്തിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

Update: 2021-10-07 07:15 GMT
Editor : abs | By : Web Desk
Advertising

ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകർക്കു മേൽ ഇടിച്ചു കയറ്റിയ രണ്ടു കാറുകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുമായി 'ബന്ധം'. ഒരു കാർ മന്ത്രിയുടെ പേരിലും മറ്റൊരു കാർ മന്ത്രിയുടെ മകന്റെ സുഹൃത്തിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

'ഥാർ ജീപ്പ് തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ചില ജോലികൾക്കായി കാർ ഡ്രൈവർക്ക് വിട്ടുനൽകുകയായിരുന്നു. മറ്റൊരു കാർ, ഒരു ഫോർച്യൂണർ, അങ്കിത് ദാസ് എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഖ്നൌ സ്വദേശിയായ ഇയാൾ മുൻ എംപിയുടെ അനന്തിരവനാണ്. ഇദ്ദേഹത്തെ തീർച്ചയായും ചോദ്യം ചെയ്യും' - പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് അങ്കിത് ദാസ്. 'ആശിഷ് ഭയ്യയെ കാണാൻ അങ്കിത് ഭയ്യ ഇടയ്ക്കിടെ വരാറുണ്ട്. അവർ നല്ല സുഹൃത്തുക്കളാണ്. ഒക്ടോബർ മൂന്നിന് ബൻബീർപൂരിലേക്ക് അദ്ദേഹം വന്നിരുന്നോ എന്നറിയില്ല'- ലഖിംപൂർ ഖേരിയിലെ പ്രാദേശിക ബിജെപി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'അക്രമിസംഘത്തിൽ നിന്ന് ഒരാളെ ഞങ്ങൾ പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഫോർച്യൂണർ ലഖ്‌നൗ ആസ്ഥാനമായ കോൺട്രാക്ടറുടേത് ആണ് എന്നാണ് അയാൾ പറഞ്ഞിരുന്നത്. കോൺട്രാക്ടറുടെ ക്ലറിക്കൽ ഓഫീസറാണ് താൻ എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. പിന്നീട് അത് ഞങ്ങൾ അങ്കിത് ദാസിന്റെ കാറാണ് എന്ന് തിരിച്ചറിഞ്ഞു.' - സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന കർഷകൻ വ്യക്തമാക്കി.

അതിനിടെ, വിവാദങ്ങള്‍ക്കിടെ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ശേഷമായിരുന്നു കൂടിക്കാഴ്ച. സംഭവത്തിൽ തനിക്കോ മകൻ ആശിഷ് മിശ്രയ്‌ക്കോ പങ്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാൽ ആശിഷിനെതിരെ കൊലപാതകം അടക്കം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 

അജയ് മിശ്ര രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകരും പ്രതിപക്ഷ പാർട്ടികളുമുള്ളത്. എന്നാൽ മിശ്രയുടെ രാജി വേണ്ടെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. ഇപ്പോൾ രാജിവെച്ചാൽ അത് പ്രതിപക്ഷത്തിന് കീഴടങ്ങിയെന്ന പ്രതീതിയുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.

ബ്രാഹ്‌മണ സമുദായത്തിൽ നിർണായക സ്വാധീനമുള്ള അജയ് മിശ്രയെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജൂലൈയിൽ കേന്ദ്ര മന്ത്രിയാക്കിയത്. മന്ത്രിസഭാ പുനഃസസംഘടനയിൽ യു.പിയിൽ നിന്ന് മന്ത്രിയായ ഏക ബ്രാഹ്‌മണനാണ് അജയ് മിശ്ര.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News