തന്നെക്കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി; സഹോദരിയെ കൊലപ്പെടുത്തി 14കാരൻ

കുട്ടികളെ രണ്ട് പേരെയും ബാഘ്പട്ട് സ്വദേശികളായ ദമ്പതികൾ ദത്തെടുത്തതാണെന്നാണ് വിവരം

Update: 2024-06-07 13:45 GMT

ലഖ്‌നൗ: തന്നെക്കുറിച്ച് മാതാപിതാക്കളോട് സ്ഥിരം പരാതി പറഞ്ഞതിന് 7വയസുകാരിയെ കൊലപ്പെടുത്തി സഹോദരൻ. ഉത്തർപ്രദേശിലെ ബാഘ്പട്ടിലുള്ള 14കാരനാണ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

തന്നെക്കുറിച്ച് സഹോദരി മാതാപിതാക്കളോട് വ്യാജ പരാതികൾ ഉന്നയിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പരാതികൾ അധികമായതോടെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രമിച്ചതാണെന്ന് കുട്ടി പറഞ്ഞതായി ബിനൗലി എസ്എച്ച്ഒയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

Advertising
Advertising

കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

സഹോദരൻ തന്നെ നിരന്തരം അടിക്കുമെന്ന് കൊല്ലപ്പെട്ട കുട്ടി മാതാപിതാക്കളോട് വ്യാജ പരാതി പറഞ്ഞിരുന്നു. ഇതിൽ പ്രതിയായ കുട്ടിക്ക് നീരസവും ഉണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പഠിക്കാനെന്ന വ്യാജേന ഇയാൾ സഹോദരിയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്‌കാർഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം അവിടെത്തന്നെ കുഴിച്ചുമൂടി.

കുട്ടിയെ കാണാതായെന്ന് മനസ്സിലായപ്പോൾ തന്നെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 14കാരനെ ചോദ്യം ചെയ്തപ്പോൾ തങ്ങൾ ഒരുമിച്ച് മദ്രസയിൽ പോയെന്നും വഴിയിൽ വെച്ച് സുഖമില്ലായ്മ തോന്നി സഹോദരി തിരിച്ചുപോയി എന്നുമായിരുന്നു മറുപടി. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി പരിശോധിച്ചു.

തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ സഹോദരനാണെന്നും മനസ്സിലാകുന്നത്. കുട്ടിയെ കുഴിച്ചിട്ട സ്ഥലം 14കാരൻ ഇടയ്ക്കിടെ പോയി പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.

കുട്ടിയെ ഉടൻ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടികളെ രണ്ട് പേരെയും ബാഘ്പട്ട് സ്വദേശികളായ ദമ്പതികൾ ദത്തെടുത്തതാണെന്നാണ് വിവരം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News