ഭർത്താവിന്‍റെ കസ്റ്റഡിയിൽ നിന്നും കാമുകിയെ വിട്ടുകിട്ടണം, ഹരജിയുമായി കാമുകൻ; പിഴയിട്ട് കോടതി

യുവതിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും ഇപ്പോള്‍ ഭർത്താവിന്‍റെ നിയമവിരുദ്ധമായ കസ്റ്റഡിയിലാണെന്നും കാണിച്ചാണ് യുവാവ് ഹരജി നൽകിയത്

Update: 2023-03-17 14:03 GMT
Advertising

അഹമ്മദാബാദ്: ഭര്‍ത്താവിന്‍റെ കസ്റ്റഡിയില്‍ നിന്നും കാമുകിയെ വിട്ടുകിട്ടണമെന്ന കാമുകന്‍റെ ഹരജിയില്‍ കോടതിയുടെ പിഴ ശിക്ഷ. ഗുജറാത്ത് ഹൈക്കോടതിയാണ് കാമുകന് 5000 രൂപ പിഴ വിധിച്ചത്. ലിവിങ് കരാര്‍ പ്രകാരം തനിക്കൊപ്പം താമസിച്ചുവന്ന കാമുകിയെ ഭര്‍ത്താവിന്‍റെ കസ്റ്റഡിയില്‍ നിന്നും വിട്ടയക്കണമെന്ന ഹരജിയും ഗുജറാത്ത് ഹൈക്കോടതി തള്ളി.

വിവാഹിതയായ യുവതി തന്‍റെ കാമുകനൊപ്പം ജീവിച്ചുവരികെ യുവതിയുടെ കുടുംബം നിര്‍ബന്ധിച്ച് ഭർത്താവിനൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ കാമുകൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. യുവതിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും ഇപ്പോള്‍ ഭർത്താവിന്‍റെ നിയമവിരുദ്ധമായ കസ്റ്റഡിയിലാണെന്നും കാണിച്ചാണ് യുവാവ് ഹരജി നൽകിയത്. യുവതിയെ ഭർത്താവിൽ നിന്നും കസ്റ്റഡിയിലെടുത്ത് തനിക്ക് കൈമാറണമെന്നും കാമുകൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഹരജിയെ എതിർക്കുകയും ഇത്തരമൊരു ഹരജി ഫയൽ ചെയ്യാൻ കാമുകന് അവകാശമില്ലെന്നും ഭർത്താവിനൊപ്പമാണെങ്കിൽ നിയമവിരുദ്ധ കസ്റ്റഡിയിൽ ആണെന്ന് പറയാനാകില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് വി എം പഞ്ചോളി, ജസ്റ്റിസ് എച്ച്.എം പ്രച്ഛക് എന്നിവരുടെ ബെഞ്ച് ഹരജിക്കാരനും യുവതിയുമായുള്ള വിവാഹം ഇതുവരെ നടന്നിട്ടില്ലെന്നും യുവതി ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും അറിയിച്ചു. അതിനാൽ ഹരജിക്കാരൻ ആരോപിക്കുന്നത് പോലെ യുവതി നിയമവിരുദ്ധമായ കസ്റ്റഡിയിലല്ലെന്നും ഹരജിക്കാരന് ഈ ഹരജി ഫയൽ ചെയ്യാൻ അവകാശമില്ലെന്നും വ്യക്തമാക്കി. അനാവശ്യമായ ഹരജി നൽകി കോടതിയുടെ സമയം പാഴാക്കിയതിനാണ് യുവാവിന് 5000 രൂപ കോടതി പിഴ വിധിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News