ലഗേജ് ഫീസ് ഒഴിവാക്കാൻ യുവതിയുടെ കിടിലൻ ഐഡിയ! ബാഗിലെ വസ്ത്രങ്ങളെല്ലാം ശരീരത്തിൽ ധരിച്ചു; വീഡിയോ വൈറൽ!
നിശ്ചയിച്ചിട്ടുള്ള ഭാരപരിധി കവിയുമ്പോൾ വിമാനക്കമ്പനികൾ അധിക ലഗേജ് ചാർജ് ഈടാക്കാറുണ്ട്
ന്യൂഡൽഹി: വിമാനയാത്രയ്ക്ക് പോകുമ്പോൾ ലഗേജിന്റെ ഭാരം കൂടിയാൽ അധിക പണം നൽകേണ്ടിവരുന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാൽ ഈ അധിക ചെലവ് ഒഴിവാക്കാൻ ഒരു യുവതി കണ്ടെത്തിയ വിചിത്ര മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസിൽ കൊണ്ടുപോകേണ്ട വസ്ത്രങ്ങൾ ഓരോന്നായി ശരീരത്തിൽ ചുറ്റിയാണ് യുവതി ലഗേജ് ഭാരം കുറയ്ക്കാൻ ശ്രമിച്ചത്!
വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിൽ ലഗേജിന്റെ ഭാരം നിയന്ത്രിക്കാനായിരുന്നു യുവതിയുടെ ഈ വേറിട്ട നീക്കം. ട്രോളി ബാഗിലുണ്ടായിരുന്ന ഭാരമേറിയ വസ്ത്രങ്ങൾ പുറത്തെടുത്ത് ഓരോന്നായി ശരീരത്തിൽ ധരിക്കുകയായിരുന്നു. ഈ രസകരമായ സംഭവം വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി. പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
കാണുന്നവർക്ക് ചിരിയുണർത്തുന്ന ഈ നീക്കം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ അമിതമായി വസ്ത്രങ്ങൾ ധരിക്കുന്നത് ബോഡി സ്കാനറിലെ പരിശോധനയ്ക്കിടെ സംശയങ്ങൾക്ക് ഇടയാക്കാം. കൂടുതൽ പരിശോധനകൾക്കും ഇത് കാരണമായേക്കാം.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട് സഹകരിക്കാത്തതോ സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നതോ യാത്രയ്ക്ക് തടസ്സമാകാനും സാധ്യതയുണ്ട്. അതിനാൽ അധിക ലഗേജ് ഫീസ് ഒഴിവാക്കാനുള്ള ഇത്തരം മാർഗങ്ങൾ യാത്രക്കാർക്ക് തിരിച്ചടിയാകും.
നിശ്ചയിച്ചിട്ടുള്ള ഭാരപരിധി കവിയുമ്പോൾ വിമാനക്കമ്പനികൾ അധിക ലഗേജ് ചാർജ് ഈടാക്കാറുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ നിരക്കുകൾ വ്യത്യസ്തമാണ്. അധികമായി കൊണ്ടുപോകുന്ന ഓരോ കിലോയ്ക്കും 500 രൂപ മുതൽ 1500 രൂപയ്ക്ക് മുകളിൽ വരെ ഈടാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചില സാഹചര്യങ്ങളിൽ അധിക ലഗേജിനുള്ള ഫീസ് യാത്രക്കാരുടെ ബജറ്റിനെ തന്നെ ബാധിക്കാറുണ്ട്. ഈ ചെലവ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ചിലർ ഇത്തരം വ്യത്യസ്ത വഴികൾ പരീക്ഷിക്കുന്നത്. എന്തായാലും ലഗേജ് ഫീസ് ലാഭിക്കാൻ യുവതി കണ്ടെത്തിയ ഈ മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.