ബിഎസ്എഫിന്റെ സ്നിഫർ നായ ഗർഭിണിയായി; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

ഡിസംബർ അഞ്ചിനാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായയായ ലൈൽസി മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്

Update: 2023-01-01 05:54 GMT
Editor : Lissy P | By : Web Desk

ഷില്ലോങ്: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സ്‌നിഫർ നായ്ക്കളിൽ ഒരെണ്ണം ഗർഭിണിയായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ബിഎസ്എഫ് കോടതി. അതിര്‍ത്തി രക്ഷാസേനയുടെ ലൈൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.

അതീവ സുരക്ഷാ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന നായ്ക്കൾ ഗർഭിണിയാകാൻ പാടില്ലെന്നാണ് ബിഎസ്എഫിന്റെ നിയമം. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ മേൽനോട്ടത്തിലും ഉപദേശത്തിലും മാത്രമേ ഇവയെ പ്രജനനം ചെയ്യാൻ അനുവദിക്കൂ. ഇക്കാര്യത്തിൽ നായ്ക്കളെ കൈകാര്യം ചെയ്യുന്നവർ നിരന്തര ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertising
Advertising

ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായയായ ലൈൽസി ഡിസംബർ അഞ്ചിനാണ് ബോർഡർ ഔട്ട്പോസ്റ്റിലെ ബാഗ്മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. സ്‌നിഫർ നായ്ക്കളെ ബിഎസ്എഫ് ക്യാമ്പിലും ബിഒപിയിലുമാണ് സാധാരണ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഈ നായ്ക്കളെ പുറത്തുപോകാൻ അനുവദിക്കാറില്ല.ഇവർക്ക് കനത്ത സുരക്ഷാ സംവിധാനവും ഒരുക്കാറുണ്ട്. ഈ സാഹചര്യത്തിൽ പെൺനായ ഗർഭിണിയായത് സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കം അന്വേഷണം നടത്തും.

ബിഎസ്എഫിന്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സൈനിക കോടതിയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് അജിത് സിങിനാണ് അന്വേഷണ ചുമതല.വിശദമായ അന്വേഷണം നടത്തി ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News