ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ഇന്ന് രാവിലെ കൊൽക്കത്തയിൽ വെച്ചാണ് അന്ത്യം

Update: 2024-08-08 07:28 GMT

കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. എൺപത് വയസായിരുന്നു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി)യടക്കമുളള വാര്‍ധക്യസഹജമായ രോഗങ്ങൾ കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ് മരണവാർത്ത സ്ഥിരീകരിച്ചത്.  2000 മുതൽ 2011 വരെ 11 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുവിന്റെ പിൻഗാമിയായിട്ടാണ് മുഖ്യമന്ത്രിയായത്. 

1944 മാർച്ച് 1 ന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മിൽ അംഗത്വമെടുക്കുന്നത്. 1968 ൽ  ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ  സംസ്ഥാന  സെക്രട്ടറിയായി.1971 ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും. 82 ൽ സംസ്ഥാന സെക്രട്ടറി​യേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984 കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 85 ൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Advertising
Advertising

2000 ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1977 ൽ സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1966 ൽ സംസ്ഥാന ആഭ്യന്തരമുഖ്യമന്ത്രിയായി. 1999 ൽ ഉപ മുഖ്യമന്ത്രിയായി. 2000 മുതൽ 2011 വരെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. ഭാര്യ മീര. മകൾ സുചേതന. 

ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്ന 2007 കാലത്താണ് വിവാദമായ നന്ദിഗ്രാം സംഭവിക്കുന്നത്. പശ്ചിമബംഗാളിനെയും സി.പി.എമ്മിനെയും പിടിച്ചുലച്ചതായിരുന്നു ഇൻഡാനേഷ്യൻ’ കമ്പനിയായ സാലിം ഗ്രൂപ്പിന് കെമിക്കൽ ഹബ് തുടങ്ങാൻ സർക്കാർ നടത്തിയ വിവാദ ഭൂമിയേറ്റെടുക്കൽ. അതിനെതിരെ നന്ദിഗ്രാമിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 14 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. 

അനുശോചിച്ച് പ്രമുഖർ 

ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയോടും ബംഗാളിനോടുമുള്ള ബുദ്ധദേവിന്റെ ആത്മസമർപ്പണവും ദീർഘ വീക്ഷണവും വലിയ മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദു:ഖം രേഖപ്പെടുത്തി.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ജനങ്ങളെ ബുദ്ധദേബ് സേവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഭട്ടാചാര്യയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.മരണത്തിൽ അനുശോചിക്കുന്നുവെന്നും ബുദ്ധദേബിനെ പതിറ്റാണ്ടുകളായി അറിയാമെന്നും മമത പറഞ്ഞു. ഔദ്യോഗിക ബഹുമതികൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ രാഷ്ട്രീയത്തിന് മാതൃകാപരമായ നേതൃത്വം നൽകിയ നേതാവായിരുന്നുവെന്ന് എ വിജയരാഘവൻ പറഞ്ഞു. പാർട്ടി വെല്ലുവിളി നേരിട്ട സാഹചര്യത്തിൽ മാതൃകാപരമായി നേരിട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധദേബിന്റെ നിര്യാണത്തെതുടർന്ന് ഇന്നും നാളെയും നിശ്ചയിച്ചിരുന്ന കേരളത്തിലെ പാർട്ടിപരിപാടികൾ മാറ്റിവെച്ചു.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News