ആൾക്കൂട്ടം നോക്കി നില്‍ക്കെ രണ്ടാം ഭാര്യയെ മകളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
രേഖയുടെ ദേഹത്ത് 11 വെട്ടേറ്റ മുറിവുകളുണ്ട്
ബംഗളൂരു: ആൾക്കൂട്ടം നോക്കി നില്‍ക്കെ രണ്ടാം ഭാര്യയെ മകളുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊലപ്പെടുത്തി. ഹാസൻ ചന്നരായപട്ടണ സ്വദേശി രേഖയാണ് (34) മരിച്ചത്. തുമകൂരു സിറ പട്ടണം സ്വദേശി ലോകേഷ് (43)ആണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.
രേഖയുടെ ദേഹത്ത് 11 വെട്ടേറ്റ മുറിവുകളുണ്ട്. കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ഗിരീഷ് പറഞ്ഞു. വിവാഹമോചിതയും രണ്ട് പെൺമക്കളുടെ മാതാവുമായ രേഖയെ അടുത്തിടെയാണ് ലോകേഷ് വിവാഹം കഴിച്ചത്. ലോകേഷിന്‍റെയും രണ്ടാം വിവാഹമാണ്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രേഖക്കൊപ്പമായിരുന്നു മൂത്ത മകൾ. ഇളയ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ലോകേഷ് മൂത്ത മകളെയും പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രേഖ വിസമ്മതിച്ചു. രേഖക്ക് ജോലിസ്ഥലത്ത് മറ്റൊരു ബന്ധമുണ്ടെന്ന സംശയം ലോകേഷിനുണ്ടായിരുന്നു.
ബംഗളൂരു സുങ്കടകട്ടെക്ക് സമീപം ബസ് സ്റ്റോപ്പിൽ രേഖ നിൽക്കുമ്പോൾ, ലോകേഷ് മകളുടെ മുന്നിൽ നെഞ്ചിലും മറ്റ് ഭാഗങ്ങളിലും 11 തവണ കുത്തുകയായിരുന്നു. സമീപത്തുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി.പിന്നീട് അക്രമി കത്തി ആൾക്കൂട്ടത്തിന് നേരെ എറിഞ്ഞ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കാബ് ഡ്രൈവറായ ലോകേഷും രേഖയും ഒരേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
വിവാഹത്തിന് മുൻപ് ഇരുവരും ഒന്നര വർഷമായി ലിവ്-ഇൻ ടുഗദർ ബന്ധത്തിലായിരുന്നു. ദമ്പതികൾ സുങ്കടകട്ടെയിൽ വീട് വാടകക്കെടുത്തിരുന്നു. രേഖയുടെ മൂത്ത മകളെച്ചൊല്ലി ഇടക്കിടെ ലോകേഷ് ഇടയ്ക്കിടെ വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ രേഖയെ പിന്തുടര്‍ന്നെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്.