പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ ജെ.ഡി.എസ് പ്രവർത്തകനെ പീഡിപ്പിച്ചെന്നാണ് പരാതി

Update: 2024-06-29 09:39 GMT

ബംഗളുരു: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ ബി.ജെ.പി സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്.ജെ.ഡി.എസ് പ്രവർത്തകന്റെ പരാതിയിലാണ് സൂരജ് രേവണ്ണ​ക്കെതിരെ ​കേസെടുത്തത് .

ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നൽകിയ പരാതിയിൽ ജെ.ഡി.എസ് പ്രവർത്തകനെതിരെയും കേസെടുത്തു.

‘ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസിൽ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചു.അയാൾ എന്റെ തോളിൽ കൈകൾ വെച്ച് പിന്നീട് അത് ശരീരത്തിന്റെ എല്ലായിടത്തേക്കും ചലിപ്പിച്ചു. അതിനുശേഷം, സംഭവിക്കാൻ പാടില്ലാത്തത് തനിക്ക് സംഭവിച്ചു’ അദ്ദേഹം പരാതിയിൽ പറഞ്ഞു.

ഇതിന് പിന്നാലെ പണവും ജോലിയും വാഗ്‌ദാനം ചെയ്‌ത് രേവണ്ണയുടെ ആളുകൾ തന്നെ സമീപിച്ചുവെന്നും പരാതിക്കാരൻ പറഞ്ഞു.ഹോളനരസിപുര ഠൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും അവർ നിരസിച്ചു. തുടർന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തിയാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ മുൻ എംപി പ്രജ്വൽ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News