ധർമസ്ഥല: പരാതിക്കാരനായ ചിന്നയ്യ ഒന്നാം പ്രതി
കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന കുറ്റമാണ് പരാതിക്കാരനെതിരെ ചുമത്തിയത്
മംഗളൂരു: ധർമസ്ഥല ദുരൂഹമരണങ്ങൾ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരാതിക്കാരനും സാക്ഷിയുമായ കർണാടക മാണ്ഡ്യ സ്വാമി സി.എൻ ചിന്നയ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അസ്ഥികൾ കണ്ടെത്തിയ സ്ഥലങ്ങളിലെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന കുറ്റമാണ് പരാതിക്കാരനെതിരെ ചുമത്തിയത്.
ബിഎൻഎസ് സെക്ഷൻ 164 പ്രകാരം ചിന്നയ്യ നേരത്തെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എസ്ഐടി അംഗങ്ങൾക്ക് മുമ്പാകെ വിരുദ്ധമായ മൊഴിയാണ് നൽകിയിരിക്കുന്നത്. കോടതിയിലും അദ്ദേഹം തന്റെ പുതിയ മൊഴി നൽകിയിട്ടുണ്ട്. കോടതിയിലെ രണ്ടാമത്തെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണം നടക്കുന്നുണ്ട്. ബിഎൻഎസ് സെക്ഷൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് എസ്‌ഐടി അറിയിച്ചു.
അതിനിടെ ചിന്നയ്യക്ക് അഭയം നൽകിയ ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയുടെ ഉജിരെയിലെ വസതിയിൽ ഇൻക്വസ്റ്റ് പൂർത്തിയായി. തിമറോഡിയുടെ വീട്ടിൽ നിന്ന് ചിന്നയ്യയുടെ വസ്തുക്കൾ പൊലീസ് കണ്ടുകെട്ടി.