ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണം സ്വീകരിക്കില്ലേ? ഫാസ്ടാഗ് നിര്‍ബന്ധമാക്കുമോ, വരാനിരിക്കുന്ന മാറ്റം ഇങ്ങനെ

ദേശീയപാതകളിലെ ടോള്‍ പ്ലാസകളെ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Update: 2026-01-16 12:59 GMT
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ പ്ലാസകളെ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ പണം നേരിട്ടു നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചോ യുപിഐ പേമെന്‌റിലൂടെ ഡിജിറ്റലായി പണം നല്‍കിയോ സഞ്ചരിക്കാം. ടോള്‍ പ്ലാസകളിലെ തിരക്കും യാത്രാ തടസ്സവും പരിഹരിക്കുക ലക്ഷ്യമിട്ടാണത്രെ മാറ്റം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെങ്കിലും അണിയറയില്‍ നീക്കം നടക്കുകയാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

പണം ഇടപാട് ഒഴിവാക്കുന്നത് എന്തിന്?

തടസ്സമില്ലാത്ത യാത്ര, ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കല്‍, അതുവഴിയുള്ള ഇന്ധനനഷ്ടം ഒഴിവാക്കല്‍, ഡിജിറ്റല്‍ ഇടപാടുകളുടെ സുതാര്യത പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് പണം ഇടപാട് ഒഴിവാക്കുക വഴി ലക്ഷ്യമിടുന്നതെന്നാണ് ഗതാഗത മന്ത്രാലയത്തിന്‌റെ നിലപാട്.

ലക്ഷ്യം തടസ്സമില്ലാത്ത യാത്ര

ടോള്‍ പിരിക്കുന്ന രീതി 2026ഓടെ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ദേശീയപാതകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാക്കാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് ടോള്‍ സംവിധാനം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇലക്ട്രോണിക് ടോള്‍ സംവിധാനത്തിലേക്കു മാറുമ്പോള്‍ വാഹനം നിര്‍ത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യാതെ തന്നെ ടോള്‍ ബൂത്ത് കടന്നുപോകാന്‍ കഴിയും. മള്‍ട്ടി ലൈന്‍ ഫ്രീ ഫ്‌ലോ സംവിധാനം എന്ന ടോള്‍ പിരിവ് രീതിയാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്.

പണമാണെങ്കില്‍ ഇപ്പോള്‍ ഇരട്ടി നല്‍കണം

നിലവില്‍, ടോള്‍ ബൂത്തുകളില്‍ പണമായാണ് ടോള്‍ നല്‍കുന്നതെങ്കില്‍ ഇരട്ടി തുകയാണ് നല്‍കേണ്ടത്. ഫാസ്ടാഗ് വഴിയാണെങ്കില്‍ നിശ്ചിത ടോള്‍ തുക മാത്രമേ ഈടാക്കൂ. യുപിഐ വഴിയാണ് ടോള്‍ നല്‍കുന്നതെങ്കില്‍ 25 ശതമാനം തുക അധികമായി നല്‍കണം. ഡിജിറ്റല്‍ ടോള്‍ പേയ്‌മെന്‌റ് പ്രോത്സാഹിപ്പിക്കാനായാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാറ്റം കൊണ്ടുവന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News