ബജറ്റിനൊരുങ്ങി കേന്ദ്രം; നടപ്പാക്കാനാകാതെ കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ കൃഷിക്കും ഗ്രാമീണ വികസന മേഖലയിലും ഈ ബജറ്റിൽ കേന്ദ്ര സർക്കാർ ശ്രദ്ധ നൽകാൻ സാധ്യതയുണ്ട്

Update: 2024-01-28 01:07 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമ പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ള ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വലിയ പ്രഖ്യാപനങ്ങൾ നടത്താനും ഇടക്കാല ബജറ്റിൽ കേന്ദ്ര സർക്കാരിന് സാധിച്ചേക്കില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും പ്രതീക്ഷിച്ച നിലയിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പെന്ന ആമുഖത്തോടെയാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനങ്ങൾ നടത്തിയത്. അഭിമാന പദ്ധതികളായി പ്രഖ്യാപിച്ച 'ആത്മനിർഭർ ഹോർട്ടികൾച്ചർ ക്ലീൻ പ്ലാൻ്റ് പദ്ധതി', 'ഫാർമ ഇന്നോവേഷൻ പ്രോഗ്രാം', 'പ്രധാന മന്ത്രി പിവി ഗോത്ര ക്ഷേമ പദ്ധതി' എന്നിവ ആരംഭിച്ചത് പോലും കഴിഞ്ഞ വർഷം പകുതിക്ക് ശേഷമാണ്. നടപ്പാക്കി തുടങ്ങിയ പദ്ധതികളുടെ പൂർണ വിവരങ്ങൾ വെബ്സൈറ്റിൽ പോലും ലഭ്യമല്ല. 40 വർഷത്തിനിടെ ഇന്ത്യക്ക് 30 ശതമാനം തണ്ണീർത്തടങ്ങൾ നഷ്ടപ്പെട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവയുടെ സംരക്ഷണത്തിന് 'അമൃത് ധരോഹർ പദ്ധതിക്ക്' കഴിഞ്ഞ ബജറ്റിൽ സർക്കാർ തുടക്കം കുറിച്ചത്. പ്രഖ്യാപനം നടന്നിട്ടും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി തണ്ണീർത്തടം സംബന്ധിച്ച കണക്കുകൾ സർക്കാരിൻ്റെ കയ്യിൽ ഇല്ലെന്നാണ്.

സർക്കാർ വെബ്സൈറ്റിലെ കണക്കിൽ 631 തണ്ണീർത്തടങ്ങൾ മാത്രമാണ് ശോഷണം നേരിടുന്നത്. ഗ്രാമീണ മേഖലയിൽ 2.95 കോടി വീടുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ ആണ് 'പ്രധാന മന്ത്രി ആവാസ് യോജന' പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിൽ ഇതിനായി വകയിരുത്തിയ കേന്ദ്ര വിഹിതം 48000 കോടിയിൽ നിന്ന് 79000 കോടിയായി ഉയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കുകൾ പ്രകാരം പ്രഖ്യാപിച്ച വീടുകളിൽ 35 ശതമാനം മാത്രമാണ് പൂർത്തിയായത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാൻ സർക്കാർ ലക്ഷ്യം വയ്ക്കുന്നതിനാൽ വൻകിട പദ്ധതികളുടെ പ്രഖ്യാപനവും ഇത്തവണ ഉണ്ടായേക്കില്ല.

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ കൃഷിക്കും ഗ്രാമീണ വികസന മേഖലയിലും ഈ ബജറ്റിൽ കേന്ദ്ര സർക്കാർ ശ്രദ്ധ നൽകാൻ സാധ്യതയുണ്ട്. ഭവനനിർമ്മാണ പദ്ധതിക്കുള്ള വിഹിതത്തിൽ 15 ശതമാനം വർധന പ്രഖ്യാപിച്ചേക്കും. ഭക്ഷ്യ വളം, ഇലക്ട്രിക് വാഹന നിർമാണം, ഗ്രീൻ ഹൈഡ്രജൻ, ഡിജിറ്റൽ സെക്യൂരിറ്റി എന്നീ മേഖലകൾക്കും ബജറ്റിൽ കാര്യമായ വകയിരുത്തൽ പ്രതീക്ഷിക്കാം. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News