‘കേന്ദ്ര ഏജൻസികൾ സ്ഥാനാർഥികളുടെ ഫോൺ ചോർത്തുന്നു’; ഗുരുതര ആരോപണവുമായി ഡി.എം.കെ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Update: 2024-04-17 09:53 GMT
Advertising

ചെന്നൈ: കേന്ദ്ര സർക്കാറിന് കീഴിലെ ഏജൻസികൾ നേതാക്കളുടെയും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെയും ഫോൺ ചോർത്തുന്നുവെന്ന് ഡി.എം.കെയുടെ പരാതി. സ്ഥാനാർഥികൾ, അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ ഫോൺ ഫെഡറൽ ഏജൻസികൾ ചോർത്തുന്നുവെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഡി.എം.കെ നേതാവ് ആർ.എസ്. ഭാരതി പരാതി നൽകി. ഇ.ഡി, സി.ബി.ഐ, ​ആദായ നികുതി വകുപ്പ് എന്നിവക്ക് പറുമെ കേന്ദ്ര സർക്കാറിന് കീഴിലെ മറ്റു ഏജൻസികളും ഫോണുകൾ നിയമവരുദ്ധമായി ചോർത്തുകയാണെന്ന് പരാതിയിൽ പറയുന്നു.

പെഗാസസ് പോലുള്ള സോഫ്റ്റ്​ വെയറുകൾ ഈ ഏജൻസികൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നതായുള്ള വസ്തുത തങ്ങൾക്ക് മറക്കാൻ സാധിക്കില്ല. നിയമവിരുദ്ധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവുകയാണ് ഏജൻസികളെന്നും പരാതിയിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഉടനടി ഇടപെടാനും അന്വേഷണത്തിന് ഉത്തരവിടാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും ആർ.എസ്. ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News