ആഭ്യന്തര വ്യോമയാന രംഗം സജീവമാക്കാൻ നൂറുദിന പദ്ധതിയുമായി കേന്ദ്ര സർക്കാർ

വിമാന അറ്റകുറ്റപ്പണിക്കായി പുതിയ നയവും പ്രഖ്യാപിച്ചു

Update: 2021-09-09 12:24 GMT
Advertising

ന്യൂഡൽഹി: ആഭ്യന്തര വ്യോമയാന രംഗം സജീവമാക്കാൻ നൂറു ദിന പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച നടത്തിയ പ്രസ്മീറ്റിൽ വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്.

അടിസ്ഥാന സൗകര്യ വികസനം, നയപരമായ ലക്ഷ്യങ്ങൾ, പരിഷ്‌കരണങ്ങൾ എന്നീ മൂന്നു തലങ്ങളിലാണ് പദ്ധതി പ്രവർത്തനമെന്ന് സിന്ധ്യ പറഞ്ഞു. ആഗസ്ത് 30 മുതൽ നവംബർ 30 വരെയാണ് പദ്ധതിയുടെ കാലയളവ്.

വിമാനത്താവളങ്ങളുടെയും ഹെലിപോർട്ടുകളുടെയും വികസനവും നയപരമായ തീരുമാനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.

ഓരോ വ്യോമയാന മേഖലക്കും പ്രത്യേക ഉപദേശക സമിതിയെ നിയോഗിച്ചിട്ടുണ്ട്. നൂറു ദിന പദ്ധതി രൂപീകരണത്തിലും ഇവരുടെ സഹായം തേടിയിട്ടുണ്ട്.

പ്രാദേശിക വ്യോമയാനത്തിനായുള്ള ഉദാൻ പദ്ധതിയുടെ ഭാഗമായി ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ആറു ഹെലിപോർട്ടുകൾ വികസിപ്പിക്കും.

നാലു എയർപോർട്ടുകളും സ്ഥാപിക്കും. ഇവയിൽ ആദ്യത്തേത് യു.പിയിലെ ഖുഷിനഗറിലാണ്. എയർബസ് 321 നും ബോയിംഗ് 737 നും ഇറങ്ങാൻ ശേഷിയുണ്ടാകുന്ന ഈ എയർപോർട്ട് ബുദ്ധിസ്റ്റ് സർക്യൂട്ടിന്റെ കേന്ദ്രബിന്ദുവാകുമെന്നും സിന്ധ്യ അറിയിച്ചു.

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ എയർപോർട്ടിൽ 457 കോടി മുടക്കി പുതിയ ടെർമിന്യ പണിയുമെന്നും മന്ത്രി പറഞ്ഞു. വിമാന അറ്റകുറ്റപ്പണിക്കായി പുതിയ നയവും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് മൂലം തകർന്ന ആഭ്യന്തര വ്യോമയാന രംഗം പതുക്കെ സജീവമായി വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News