'ജമ്മു കശ്മീരിലെ കുഴപ്പങ്ങൾക്കെല്ലാം കാരണം ഈ മൂന്ന് കുടുംബങ്ങൾ: അമിത് ഷാ

'നേരത്തെ, ഇത് തീവ്രവാദ കേന്ദ്രമായിരുന്നു, മോദിയുടെ ഭരണത്തോടെ ഇതൊരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായി മാറി'

Update: 2022-10-05 14:44 GMT
Editor : Lissy P | By : Web Desk
Advertising

ശ്രീനഗർ: ജമ്മു കശ്മീരിലെ കുഴപ്പങ്ങൾക്കെല്ലാം മൂന്ന് കുടുംബങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അബ്ദുല്ല(നാഷണൽ കോൺഫറൻസ്) , മുഫ്തികൾ(പിഡിപി), ഗാന്ധി (കോൺഗ്രസ്) കുടുംബങ്ങളാണ് ഈ കുഴപ്പങ്ങൾക്കെല്ലാം ഉത്തരവാദികളെന്ന് മുൻ സർക്കാറുകളെ ലക്ഷ്യംവെച്ച് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 70 വർഷമായി മുഫ്തിയും സംഘവും അബ്ദുള്ളയും മക്കളും ഇവിടെ അധികാരത്തിലിരുന്നെങ്കിലും ഒരു ലക്ഷം ഭവനരഹിതർക്ക് വീട് നൽകിയില്ല. 2014-2022 കാലഘട്ടത്തിൽ ഈ 1 ലക്ഷം ആളുകൾക്ക് മോദി വീടുകൾ നൽകി, ''അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായി ചർച്ചകൾ നടത്തുമെന്ന വാർത്തകളും അമിത് ഷാ തള്ളിക്കളഞ്ഞു. 'ചിലർ പറയുന്നത് നമ്മൾ പാകിസ്ഥാനുമായി സംസാരിക്കണമെന്ന്. നമ്മൾ എന്തിന് പാകിസ്ഥാനോട് സംസാരിക്കണം? ... ഞങ്ങൾ ബാരാമുള്ളയിലെ ജനങ്ങളോട് സംസാരിക്കും, ഞങ്ങൾ കശ്മീരിലെ ജനങ്ങളുമായി സംസാരിക്കും'-അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

'നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ തുടച്ചു നീക്കി രാജ്യത്തെ ഏറ്റവും സമാധാനപരമായ സ്ഥലമാക്കി മാറ്റും. നേരത്തെ, ഇത് ഒരു തീവ്രവാദ കേന്ദ്രമായിരുന്നു, ഇപ്പോൾ ഇതൊരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ടാണ്. ജമ്മു കശ്മീരിലെ വിനോദസഞ്ചാരം വർധിക്കുന്നത് ഇവിടെ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്,'' ആഭ്യന്തര മന്ത്രി പറഞ്ഞു.

'വോട്ടർമാരുടെ പട്ടിക സമാഹരിച്ചുകഴിഞ്ഞാൽ ജമ്മു കശ്മീരിൽ 'പൂർണ്ണ സുതാര്യതയോടെ' തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.  കഴിഞ്ഞ ദിവസം ശ്രീനഗറിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ അവലോകന യോഗത്തിൽ ഷാ അധ്യക്ഷനായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ തവണയാണ് അമിത്ഷ കശ്മീരിലെത്തുന്നത്. 

ശ്രീനഗറിലെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്താണ് അമിത്ഷാ സന്ദർശനം അവസാനിപ്പിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News