ക്രിസ്ത്യാനികളും മുസ്‌ലിംകളും പാകിസ്താനിലേക്ക് പോകണമെന്ന് ശബ്ദസന്ദേശം; തമിഴ്‌നാട്ടിൽ പൊലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

ഇന്ത്യ ഹിന്ദുക്കൾ ഭരിക്കുമെന്നും അതിന് സമ്മതമല്ലെങ്കിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പാകിസ്താനിലേക്കോ മറ്റ് മുസ്‌ലിം രാജ്യങ്ങളിലേക്കോ പോകാമെന്നുമായിരുന്നു സന്ദേശം

Update: 2023-08-07 15:38 GMT

ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചെന്നൈയിൽ പൊലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പുളിയന്തോപ്പ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രൻ ആണ് സസ്‌പെൻഷനിലായത്. വാട്‌സ്ആപ്പിലൂടെ അയച്ച ശബ്ദസന്ദേശത്തെ തുടർന്നാണ് നടപടി.

ക്രിസ്ത്യൻ പുരോഹിതനായ ഒരു റിട്ട.എസ്എസ്‌ഐ രാജേന്ദ്രനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ക്രിസ്തീയ ഭക്തിഗാനം പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് ഇഷ്ടപ്പെടാതിരുന്ന രാജേന്ദ്രൻ മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം പാകിസ്താനിലേക്ക് പോകണമെന്ന് സന്ദേശം പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഉന്നതതലത്തിൽ പരാതിയെത്തിയതിനെ തുടർന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാഥോർ ആണ് നടപടിയെടുത്തത്.

Advertising
Advertising

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇവിടെ ന്യൂനപക്ഷമാണെന്നുമാണ് രാജേന്ദ്രൻ ശബ്ദസന്ദേശത്തിൽ പറയുന്നത്. ഈ രാജ്യം ഭൂരിപക്ഷത്തുള്ള ഹിന്ദുക്കൾ ഭരിക്കുമെന്നും അതിന് സമ്മതമല്ലെങ്കിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പാകിസ്താനിലേക്കോ മറ്റ് മുസ്‌ലിം രാജ്യങ്ങളിലേക്കോ പോകാമെന്നും രാജേന്ദ്രൻ പറയുന്നു. ഗ്രൂപ്പിൽ ഇനിയും ക്രിസ്തീയ ഭക്തിഗാനങ്ങളിട്ടാൽ താൻ ഹിന്ദുഭക്തി ഗാനങ്ങളും ഇടുമെന്ന് പറഞ്ഞാണ് ഇയാൾ ശബ്ദസന്ദേശം അവസാനിപ്പിക്കുന്നത്.

സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News