ജല്ലിക്കെട്ട് മത്സരങ്ങൾ ഇനി ഐപിഎൽ മാതൃകയിൽ; ലോകോത്തര സ്റ്റേഡിയം തുറന്ന് തമിഴ്നാട്

സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് 65 ഏക്കറിലായി ഭീമമായ ചെലവിൽ ജല്ലിക്കെട്ട് അരീന നിർമിച്ചിട്ടുള്ളത്.

Update: 2024-01-25 05:46 GMT

ചെന്നൈ: തമിഴ്നാട്ടിലെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ട് ഇനി വേറെ ലെവലാകും. ജല്ലിക്കെട്ടിന് പ്രശസ്തമായ മധുര ജില്ലയിലെ അലങ്കനല്ലൂരിലെ കീലക്കരൈയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തുറന്നു. 63 കോടി ചെലവിൽ ലോകോത്തര നിലവാരത്തിൽ 5000 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ നിർമിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സ്റ്റാലിൻ നിർവഹിച്ചു.

2007 മുതൽ ഇന്ത്യയിൽ വൻ വിജയകരമായി മുന്നേറുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മാതൃകയിലായിരിക്കും ഇനി ജല്ലിക്കെട്ട് മത്സരങ്ങൾ നടത്തുക. ഇതിനായി കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ മധുര ജില്ലാ ഭരണകൂടവും സംസ്ഥാന കായികവകുപ്പും പ്രാരംഭചർച്ചകൾ നടത്തി.

Advertising
Advertising

സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് 65 ഏക്കറിലായി ഭീമമായ ചെലവിൽ ജല്ലിക്കെട്ട് അരീന നിർമിച്ചിട്ടുള്ളത്. പരമ്പരാഗത കലാപ്രകടനം ഉൾപ്പെടെയുള്ള പരിപാടികളോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ചടങ്ങുകൾക്കു ശേഷം 500ലേറെ കാളകളും 300ലേറെ വീരന്മാരും കരുത്തുകാട്ടിയ മത്സരം അരങ്ങേറി. പതിനായിരത്തിലേറെ പേരാണ് മത്സരം കാണാനെത്തിയത്.

75,000 ചതുരശ്രയടിയിലേറെ വലിപ്പമുള്ള സ്റ്റേഡിയത്തിൽ ജല്ലിക്കെട്ട് ചരിത്രം വിവരിക്കുന്ന മ്യൂസിയം, ലൈബ്രറി, പ്രദർശന ഹാൾ, വിശ്രമമുറികൾ, ഓഫീസ് മുറികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, പരിക്കേറ്റ കാളകളെയും വീരന്മാരെയും ചികിത്സിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുള്ളത്.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിയുടെ സ്മരണാർഥം 'കലൈഞ്ജർ ശതാബ്ദി എരു തഴുവുതൽ അരങ്ങ്' എന്നാണ് സ്റ്റേഡിയത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു.

2014 മുതൽ 2016 വരെ ജല്ലിക്കെട്ട് തമിഴ്‌നാട്ടിൽ താൽക്കാലികമായി നിരോധിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളുടെയും പുതിയ നിയമങ്ങളുടെയും പശ്ചാത്തലത്തിൽ വീണ്ടും അനുവദിക്കുകയായിരുന്നു. എല്ലാ വർഷവും ജനുവരി ആദ്യം നടക്കുന്ന നാല് ദിവസത്തെ വിളവെടുപ്പുത്സവമായ പൊങ്കലിനോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് നടക്കുന്നത്.

കോർപ്പറേറ്റ് ഫണ്ടിങ് ഉപയോഗിച്ചുള്ള ജല്ലിക്കെട്ട് മത്സരങ്ങൾ ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ സജീവമാണ്. സ്വർണ നാണയങ്ങൾ, കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനമായി നൽകും. കാളകളോട് ക്രൂരത കാണിക്കുന്നുവെന്ന് ആരോപിച്ച് മൃഗാവകാശ സംഘടനകളുടെ പ്രതിഷേധവും തമിഴ്നാട്ടിൽ സമാന്തരമായി നടക്കുന്നുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News