''ഇന്ത്യയുടെ ആയിരക്കണക്കിന് ചതുരശ്ര കി.മീറ്ററാണ് ചൈന പിടിച്ചടക്കിയത്; ആ സത്യം മോദി സമ്മതിക്കുമോ?''- ആക്രമണവുമായി വീണ്ടും സുബ്രമണ്യൻ സ്വാമി

നരേന്ദ്ര മോദി സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു

Update: 2021-11-25 15:23 GMT
Editor : Shaheer | By : Web Desk
Advertising

മോദി സർക്കാരിനെതിരെ വീണ്ടും ആക്രമണം കടുപ്പിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കി.മീറ്റർ പ്രദേശം പിടിച്ചടക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സത്യം സമ്മതിക്കാനുള്ള നട്ടെല്ല് മോദി സർക്കാരിനില്ലേയെന്ന് സുബ്രമണ്യൻ സ്വാമി പുതിയ ട്വീറ്റിൽ ചോദിച്ചു.

ചൈന ഇതിനകം തന്നെ നമുക്കുനേരെ അതിക്രമിച്ചുകയറിക്കഴിഞ്ഞു. ആയിരക്കണക്കിന് ചതുരശ്ര കി.മീറ്ററുകൾ പിടിച്ചടക്കി ടൗൺഷിപ്പുകളും റോഡുകളും നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇപ്പോഴും നമുക്ക് അറിയില്ല. ഒരാളും വന്നിട്ടുമില്ല. ഈ സത്യം സമ്മതിക്കാനുള്ള നെഞ്ചുറപ്പ് മോദി സർക്കാരിനുണ്ടോ? അതോ 1962ലെ പോലെ ചൈനയിൽനിന്ന് കൂടുതൽ നാണക്കേട് ഏറ്റുവാങ്ങേണ്ടിവരുമോ രാജ്യം?-ട്വീറ്റിൽ സുബ്രമണ്യൻ സ്വാമി.

നരേന്ദ്ര മോദി സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന് നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിൽ 'മോദി ഗവൺമെന്റിന്റെ റിപ്പോർട്ട് കാർഡ്' പ്രസിദ്ധീകരിച്ചാണ് സ്വാമി സർക്കാറിനെ പരിഹസിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് പ്രശംസയുമായി രംഗത്തെത്തിയതിനു പിറകെയാണ് സ്വാമിയുടെ കേന്ദ്ര സർക്കാർ വിമർശമെന്നതും ശ്രദ്ധേയം: പരിഹാസരൂപേണയുള്ള ട്വീറ്റ് ഇങ്ങനെയായിരുന്നു:

'മോദി ഗവൺമെന്റിന്റെ റിപ്പോർട്ട് കാർഡ്:

സാമ്പത്തിക രംഗം - പരാജയം

അതിർത്തി സുരക്ഷ - പരാജയം

വിദേശ നയം - അഫ്ഗാനിലെ തോൽവി

ദേശീയ സുരക്ഷ - പെഗാസസ് എൻ.എസ്.ഒ

ആഭ്യന്തര സുരക്ഷ - കശ്മീരിലെ ഇരുട്ട്

ആരാണ് ഉത്തരവാദി - സുബ്രമണ്യൻ സ്വാമി'

ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി നേതൃത്വവുമായി പരസ്യ ഏറ്റുമുട്ടലിലാണ്. പല വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സുബ്രമണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വിവിധ പാർട്ടികളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി തൃണമൂൽ കോൺഗ്രസ് ദേശീയ സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിൽ സ്വാമിയും തൃണമൂലിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ, ബംഗാളിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ മമതയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അവരെ കണ്ടതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Summary: ''China has already invaded us, captured a few thousand square kms, built townships, roads and observation posts. Has Modi Govt the nerve to admit this truth?''-Subramanian Swamy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News