ചൈനീസ് വനിത ഡൽഹിയിൽ അറസ്റ്റിൽ; കഴിഞ്ഞത് നേപ്പാളി സന്യാസിനി വേഷത്തിൽ

ഇവർ ചൈനീസ് ചാര വനിതയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Update: 2022-10-21 03:50 GMT
Advertising

ന്യൂഡൽഹി: ചൈനീസ് വനിത ഡൽഹിയിൽ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ ടിബറ്റൻ അഭയാർഥി കോളനിയായ മജ്നു കാ ടില്ലയിൽ നേപ്പാളി വനിതയെന്ന വ്യാജേന കഴിയുകയായിരുന്ന കായ് റുവോ ആണ് അറസ്റ്റിലായത്. ദോൽമ ലാമ എന്ന പേരിൽ കാഠ്മണ്ഡു സ്വദേശിനിയെന്ന വ്യാജേനയാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്. ഈ പേരിലുള്ള നേപ്പാളി പൗരത്വ സർട്ടിഫിക്കറ്റ് ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇവർ ചൈനീസ് ചാര വനിതയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുടി വെട്ടി ചെറുതാക്കി പരമ്പരാഗത കടുംചുവപ്പ് വസ്ത്രം ധരിച്ച് ബുദ്ധ സന്യാസിനിയുടെ വേഷത്തിലായിരുന്നു ഇവരുടെ വാസം. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ ഇവരുടെ രേഖകൾ പരിശോധിച്ചതായും 2019ൽ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിൽ, ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നും അതിനാലാണ് ഇന്ത്യയിലേക്ക് വന്നതെന്നുമാണ് അവർ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇം​ഗ്ലീഷ്, മാൻഡറിൻ, നേപ്പാളി ഭാഷകളും സ്ത്രീ സംസാരിക്കുമെന്ന് പൊലീസ് പറഞ്ഞു. കായ് റുവോയെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്നു നടത്തിയ തെരച്ചിലിലാണ് സ്ത്രീ പിടിയിലായത്. ഇവർക്കെതിരെ ഐ.പി.സി 120 ബി (കുറ്റകരമായ ​ഗൂഡാലോചന), ആർഡബ്ല്യു 417, 420, 467, 474, ഫോറിനേഴ്സ് ആക്ട് 14 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News