Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മുമ്പും മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇ വസ്തുതകളെല്ലാം പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവന്ന ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേത് എന്നും കമ്മീഷന്‍ മറുപടി പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ രംഗത്തെത്തി. രാഹുലിന് പരാജയ ഭീതി. രാഹുല്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഉറപ്പിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം വ്യക്തമാക്കുന്നതെന്നും ജെ.പി നഡ്ഡ ആരോപിച്ചു.
അഞ്ച് ഘട്ടമായാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാണ് ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനത്തിൽ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനലിനെ മാറ്റുക, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കുക തെളിവുകൾ നശിപ്പിക്കുക തുടങ്ങിയ നടപടികൾ ഉണ്ടായാതായി രാഹുൽ ആരോപിച്ചു. ബീഹാറിലും ക്രമക്കേടിന് സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.