75 ജില്ലകളിൽ 75 മണിക്കൂർ; യുപിയുടെ മനസ് പിടിച്ചടക്കാൻ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 ജില്ലകളിലെ 30,000ത്തോളം ഗ്രാമങ്ങളിലാണ് 'ജയ് ഭാരത് മഹാസമ്പർക്ക് അഭിയാൻ' എന്ന പേരിൽ കോൺഗ്രസ് അടിത്തട്ടിലുള്ള പ്രചാരണ പരിപാടികൾ നടത്തുന്നത്

Update: 2021-08-16 16:16 GMT
Editor : Shaheer | By : Web Desk

2022 ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഏതാനും വിളിപ്പാടകലെ നിൽക്കെ സംസ്ഥാനത്തെ ഓരോ ജില്ലകൾ കേന്ദ്രമായും പ്രവർത്തകരെയും നേതാക്കളെയും ഇറക്കി ജനങ്ങള്‍ക്കിടയിലിറങ്ങാനും ജനഹൃദയം പിടിച്ചടക്കാനുമുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി യുപിയിലെ 75 ജില്ലകളിൽ 75 മണിക്കൂർ ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

75 ജില്ലകളിലെ 30,000ത്തോളം ഗ്രാമങ്ങളിലാണ് 'ജയ് ഭാരത് മഹാസമ്പർക്ക് അഭിയാൻ' എന്ന പേരിൽ കോൺഗ്രസ് അടിത്തട്ടിലുള്ള പ്രചാരണ പരിപാടികൾ നടത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന പ്രത്യേക പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമാകും. ഓരോ ജില്ലകളിലും നടക്കുന്ന പരിപാടികളിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ അറിയിച്ചു.

Advertising
Advertising

ഒരോ ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു പഞ്ചായത്തിൽ നേതാക്കന്മാർ 75 മണിക്കൂർ ചെലവഴിക്കും. പഞ്ചായത്തിലെ ഓരോ ഗ്രാമങ്ങളിലുമായി മൂന്നു ദിവസമെടുത്തായിരിക്കും പരിപാടി നടക്കുക. ഇതുവഴി 90 ലക്ഷത്തോളം ജനങ്ങളെ നേരിട്ട് കാണുകയും അവരുടെ മനസറിയുകയുമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ഉത്തർപ്രദേശ് ഘടകത്തിന്‍റെ സഹചുമതലക്കാരൻ കൂടിയായ ഗുർജാർ പറഞ്ഞു.

മൂന്നു ദിവസത്തിൽ ഓരോ മണിക്കൂർ വീതം സന്നദ്ധ, സാമൂഹിക സേവന പ്രവർത്തനങ്ങളും നടക്കും. ഓഗസ്റ്റ് 20ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിന വാർഷികത്തിൽ സദ്ഭാവനാ ദിവസ് സംഘടിപ്പിക്കും. ഇതിൽ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ കുടുംബങ്ങളെയും മുതിർന്ന പൗരന്മാരെയും പങ്കെടുപ്പിക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News