കളത്തിൽ സോണിയ; പ്രതിപക്ഷ നേതാക്കൾക്കായി അത്താഴവിരുന്ന്

മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ പങ്കെടുക്കും

Update: 2021-08-13 10:35 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ബി.ജെ.പി സർക്കാറിനെതിരെയുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കാൻ സോണിയാ ഗാന്ധി. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡണ്ടുമായ എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയ പ്രമുഖർ വിരുന്നിനെത്തും. യുപിഎ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി പ്രസിഡണ്ട് ലാലു പ്രസാദ് യാദവ്, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. അത്താഴവിരുന്നിന്‍റെ തിയ്യതിയില്‍ വൈകാതെ അന്തിമ തീരുമാനമാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യോഗം ഓഗസ്റ്റ് 20ന് നടക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈയിടെ കോൺഗ്രസ് രാജ്യസഭാ എം.പി കപിൽ സിബലിന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കൾ ഒത്തുചേർന്നിരുന്നു. കോൺഗ്രസിൽ നേതൃതല അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ ജി23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കേരളത്തിൽ നിന്നുള്ള ശശി തരൂർ, മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ് തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു. നേതൃപുനഃസംഘടന ആവശ്യപ്പെട്ട നേതാക്കളാണ് ഇവരെല്ലാവരും. ഒരു ഡസനിലധികം പ്രതിപക്ഷ നേതാക്കളാണ് 8 തീൻമൂർത്തി ലൈനിലെ സിബലിന്‍റെ വീട്ടിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്.

യോഗത്തിൽ അകാലിദൾ നേതാവ് നരേഷ് ഗുജ്‌റാൾ ഗാന്ധി കുടുംബത്തിനെതിരെ സംസാരിച്ചത് വാർത്തയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടില്ല എങ്കിൽ കോൺഗ്രസിന്റെ പുനരുജ്ജീവനം ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഎംസി എംപി ഡെറക് ഒബ്രയാൻ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഡിഎംകെ എംകെ തിരുച്ചി ശിവ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവർ യോഗത്തിനെത്തിയിരുന്നു. എൻഡിഎ ബന്ധം ഉപേക്ഷിച്ച അകാലിദളിന് വേണ്ടി നരേഷ് ഗുജ്‌റാളും സഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്ന ബിജു ജനതാദളിന്റെ പിനാകി മിശ്രയും യോഗത്തിനെത്തിയത് കൗതുകമായി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News