തരൂരിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം; നിര്‍ദേശങ്ങള്‍ അവഗണിച്ചേക്കും

പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തരൂരിന്‍റെ നിർദേശങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്

Update: 2022-10-21 04:06 GMT

മല്ലികാർജുൻ ഖാർഗെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശശി തരൂരിനെതിരെ വിമർശനം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. ദേശീയ നേതൃത്വത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമായി തരൂർ മത്സര രംഗത്തെത്തിയതാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിക്ക് കാരണം. തെരഞ്ഞെടുപ്പ് സമയത്ത് തരൂർ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് എതിരെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി രംഗത്ത് എത്തിയിരുന്നു.

തരൂരിന് ഇരട്ട മുഖമാണെന്നും നിലപാട് മാറ്റിപ്പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ പാർട്ടിയെ അവഹേളിച്ചെന്നും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ ശശി തരൂർ ഉന്നയിച്ച പരാതികൾക്കാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി മറുപടി നൽകിയത്. തരൂർ പരാതി നൽകിയപ്പോൾ മറുപടിയിൽ സമിതിക്ക് മുമ്പാകെ തൃപ്തി രേഖപ്പെടുത്തുകയും പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ ഇത് മാറ്റിപ്പറയുകയും ചെയ്തെന്ന് മിസ്ത്രി ആരോപിച്ചു. കള്ളവോട്ട് നടന്നെന്ന് ഉൾപ്പെടെയുള്ള ശശി തരൂരിന്‍റെ ആറ് പരാതികളും തള്ളിക്കളയുകയും ചെയ്തു.

Advertising
Advertising

ഇന്നലെ മിസ്ത്രി തരൂരിന് കത്ത് നല്‍കിയതിനു പിന്നാലെ, സോണിയാ ഗാന്ധി തരൂരിനെ വസതിയിലേക്ക് വിളിപ്പിച്ചു. ജി23 ആശയങ്ങൾ മുൻ നിർത്തി മത്സരിച്ച തന്നെ, കൂട്ടായ്മയിലെ മറ്റ് നേതാക്കൾ പിൻതുണയ്ക്കാത്തതിലെ അതൃപ്തിയും തരൂർ വ്യക്തമാക്കിയിരുന്നു. സ്ഥാനമേൽക്കുന്ന പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തരൂരിനെ എങ്ങനെ പരിഗണിക്കുമെന്ന ചോദ്യമാണ് കോൺഗ്രസിന് മുന്നിൽ ഉള്ളത്.

പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തരൂരിന്‍റെ നിർദേശങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്. തരൂരിന്‍റെ പ്രകടന പത്രികയെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരിഹസിച്ച മല്ലികാർജുൻ ഖാർഗെയ്ക്കും തരൂരിന്‍റെ തിരുത്തൽ നിർദേശങ്ങൾ സ്വീകാര്യമല്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News