ഡൽഹിയിൽ മൂന്നാംവട്ടവും സംപൂജ്യരായി കോൺഗ്രസ്; ആകെ ആശ്വാസം വോട്ട് വിഹിതം വർധിച്ചത്
ഒരേയൊരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും കോൺഗ്രസിന് എത്താൻ കഴിഞ്ഞത്
ന്യൂഡല്‍ഹി: മൂന്നാം തവണയും ഡൽഹിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. ഒരേയൊരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും കോൺഗ്രസിന് എത്താന്‍ കഴിഞ്ഞത്. സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാനുള്ളത് വോട്ട് വിഹിതത്തിലെ നേരിയ വര്‍ധന മാത്രമാണ്.
തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി നിയമസഭ, കോണ്‍ഗ്രസ് മുക്തം. വട്ടപൂജ്യമായ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. കസ്തൂര്‍ബാ നഗറിലാണ് ബിജെപിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അഭിഷേക് ദത്തായിരുന്നു ഇവിടെ മത്സരിച്ചത്. കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചുവെന്നാണ് ഏക ആശ്വാസം.
ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക്ക ലാംബയാണ് മത്സരിച്ചത്. ആം ആദ്മിയുടെ ശക്തികേന്ദ്രമായ കല്‍ക്കാജിയിൽ അൽക്കയ്ക്ക് നിലംതൊടാനായില്ല. 4392 വോട്ടുകൾ മാത്രമാണ് അൽക്കയ്ക്ക് നേടാനായത്. അരവിന്ദ് കെജ്‌രിവാൾ തോറ്റ ന്യൂഡൽഹി മണ്ഡലത്തിൽ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്തായി . 4568 വോട്ടാണ് നേടാനായത്. ബാദ്‌ലിയിൽ മത്സരിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര യാഥവും മൂന്നാം സ്ഥാനത്തേക്ക് പോയി.
വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ബാദ്‌ലിയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. പക്ഷേ ഒടുവില്‍ ബാദ്‌ലിയിലെ ജനങ്ങളും 'കൈ'വിട്ടു. ഡൽഹിയിലെ പരാജയം കോൺഗ്രസ് പാഠമായി കണക്കാക്കുന്നുവെന്നും ഡൽഹിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഇത്തവണ വിജയിച്ച് അധികാരത്തിൽ ഏറാമെന്ന മോഹം ഇല്ലായിരുന്നെകിലും കൂടുതൽ സീറ്റുകൾ നേടി വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു കോൺഗ്രസിന്.
എന്നാൽ, ഡൽഹിക്കാർ ഇത്തവണയും കോൺഗ്രസിന് പടിക്ക് പുറത്ത് നിർത്തുകയിരുന്നു. പതിറ്റാണ്ടുകൾ ഭരിച്ച തലസ്ഥാനത്ത് കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കിയാണ് അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി പിടിച്ചെടുത്തിരുന്നത്. ഒടുവിൽ കെജ്‌രിവാളിനും ഡൽഹി നഷ്ടമായി.
തകർപ്പൻ വിജയം നേടിയ ബിജെപി, 27 വർഷത്തിനു ശേഷമാണ് ഡൽഹിയിൽ തിരിച്ചുവരുന്നത്. 48 സീറ്റുകളിലാണ് ബിജെപി ജയം ഉറപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലൊതുങ്ങി.