ഗുജറാത്ത് നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന് പിഴവുണ്ടായി: ജിഗ്നേഷ് മേവാനി
'ഗുജറാത്തിൽ കോൺഗ്രസിൻ്റെ നില മെച്ചപ്പെട്ടുവരുന്നു. രാഹുൽഗാന്ധി എത്തിയതോടെ പോരാട്ടം ശക്തമായി'.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ പോരാട്ടത്തിൽ കഴിഞ്ഞതവണ കോൺഗ്രസിന് പിഴവ് ഉണ്ടായെന്ന വിലയിരുത്തലുമായി ജിഗ്നേഷ് മേവാനി എംഎൽഎ. പ്രതിപക്ഷമെന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു കാട്ടേണ്ടിയിരുന്നത്. ബിജെപിയുമായി ഒത്തുപോകുന്ന കോൺഗ്രസ് നേതാക്കളെ രാഹുൽഗാന്ധി തുറന്നുകാട്ടിയെന്നും ജിഗ്നേഷ് മീഡിയവണിനോട് പറഞ്ഞു. അഹമ്മദാബാദിൽ എഐസിസി സമ്മേളനത്തിന് എത്തിയതായിരുന്നു മേവാനി.
ഗുജറാത്തിൽ കോൺഗ്രസിൻ്റെ നില മെച്ചപ്പെട്ടുവരുന്നു. രാഹുൽഗാന്ധി എത്തിയതോടെ പോരാട്ടം ശക്തമായി. ഇത്തവണ കൂടുതൽ സീറ്റ് പിടിക്കും. ബിജെപിയുമായി സമവായത്തിലെത്തുന്ന നേതാക്കളെക്കുറിച്ച് രാഹുൽഗാന്ധി പറഞ്ഞിരുന്നു. അഹമ്മദാബാദ് സമ്മേളനം പുതിയ ഊർജം പകരും. 2027ലെ തെരഞ്ഞെടുപ്പിൽ മികച്ചപ്രവർത്തനം കാഴ്ചവയ്ക്കും- മേവാനി വ്യക്തമാക്കി.
ഗുജറാത്തിൽ പിഴവുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടാൻ കഴിഞ്ഞില്ല. ചത്ത പശുവിൻ്റെ തൊലിയുരിച്ചതിൻ്റെ പേരിൽ ദലിതരെ മർദിച്ച കേസിൽ വിധി ഉണ്ടാകണം. ദലിതരോട് അനുഭാവ സമീപനമാണ് രാഹുൽഗാന്ധി പുലർത്തുന്നത്. തമിഴ്നാട്ടിൽ പിസിസി അധ്യക്ഷൻ, രാജസ്ഥാൻ പാർലമെൻ്ററി നേതാവ് എന്നിവർ ദലിത് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും മേവാനി കൂട്ടിച്ചേർത്തു.