പ്രശാന്ത് കിഷോറും യോഗത്തിൽ; സോണിയയുടെ വസതിയിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് കോൺഗ്രസ് നേതൃത്വം

ഡൽഹിയിലെ ജൻപത് പത്തിലുള്ള സോണിയയുടെ വസതിയിൽ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ ഹിമാചൽപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉടൻ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ, പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് അറിയുന്നത്

Update: 2022-04-18 12:31 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺഗ്രസ് നേതൃയോഗം പുരോഗമിക്കുന്നു. ഡൽഹിയിലെ ജൻപത് പത്തിലുള്ള സോണിയയുടെ വസതിയിലാണ് യോഗം. ഇതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കു പുറമെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

ഹിമാചൽപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉടൻ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ, പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ചയാകുമെന്നാണ് അറിയുന്നത്. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കിഷോർ സമർപ്പിച്ച നിർദേശങ്ങളിലും ചർച്ച നടക്കും. പ്രിയങ്ക ഗാന്ധി, മുകുൾ വാസ്നിക്, രൺദീപ് സുർജേവാല, അംബിക സോണി, കെ.സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാലു മണിക്കൂറോളം യോഗം നീണ്ടുനിൽക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.

Advertising
Advertising

പ്രശാന്ത് കോൺഗ്രസ് അംഗത്വമെടുക്കുമോ?

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കോൺഗ്രസ് നേരത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കുമുൻപാകെ കിഷോർ അവതരിപ്പിച്ച റിപ്പോർട്ടിനു പിന്നാലെയായിരുന്നു കോൺഗ്രസിന്റെ ക്ഷണം. സോണിയാ ഗാന്ധിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഇതുകൂടാതെയും കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ബി.ജെ.പിക്കെതിരായ ആക്ഷൻ പ്ലാനുകളുമടക്കം ചർച്ച ചെയ്തായിരുന്നു ഈ കൂടിക്കാഴ്ചകൾ. പിന്നാലെയാണ് കോൺഗ്രസിൽ തന്നെ അംഗത്വമെടുക്കാൻ പ്രശാന്ത് കിഷോർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് ഉപദേശകനായല്ല നേതാവായി തന്നെ പ്രവർത്തിക്കാനാണ് അദ്ദേഹത്തോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ മാറ്റങ്ങളെ കുറിച്ചുള്ള വിശദ രൂപരേഖ അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ചെറിയ സംഘത്തിനുമുൻപിലായിരുന്നു രൂപരേഖാ അവതരണം.

370 ലോക്സഭാ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാനാണ് കിഷോർ നൽകിയ നിർദേശം. ബാക്കിയുള്ള സീറ്റുകളിൽ സഖ്യം ചേർന്ന് മത്സരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പുകൾക്ക് പ്രശാന്ത് കിഷോർ തന്ത്രങ്ങളൊരുക്കുമെന്ന് സൂചനയുണ്ട്.

നേരത്തെ, കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ചർച്ചകൾ രാഹുലും പ്രശാന്ത് കിഷോറും തമ്മിൽ നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾകൊണ്ട് ഇവ വഴിമുട്ടി. അതിനിടെ, ബംഗാൾ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി കിഷോർ പ്രചാരണച്ചുമതല വഹിച്ചു. ഇതിനു പിന്നാലെ രാഹുലും കിഷോറും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു.

Summary: A high-level Congress meeting is underway on 10 Janpath. As per sources, the poll strategist Prashant Kishor is present in the meeting

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News