പവൻ ഖേഡയുടെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ഗൗതം അദാനിയുമായി പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമുള്ള ബന്ധമാണ് കോൺഗ്രസ് ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്

Update: 2023-02-24 00:57 GMT

ഡല്‍ഹി: എ.ഐ.സി.സി വക്താവ് പവൻ ഖേഡയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പ്രധാനമന്ത്രിക്കെതിരായ പ്രസ്താവനകളെ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. ഇന്ന് ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ ഉൾപ്പെടെ വിഷയം ചർച്ചയാകും.

കോൺഗ്രസ് വക്താവ് പവൻ ഖേഡയെ അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രധാനമന്ത്രിയോ ബി.ജെ.പിയോ മറുപടി നൽകുന്നില്ല എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. വ്യവസായിയായ ഗൗതം അദാനിയുമായി പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമുള്ള ബന്ധത്തെയാണ് കോൺഗ്രസ് ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ പാടെ തകർന്നു നിൽക്കുന്ന ഗൗതം അദാനിക്ക് വായ്പ നൽകാൻ തയ്യാറായി പൊതുമേഖലാ ബാങ്കുകൾ രംഗത്തുണ്ട്. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരമാണ് പൊതുമേഖലാ ബാങ്കുകൾ ഗൗതം അദാനിക്ക് വീണ്ടും വായ്പ നൽകാൻ തയ്യാറാകുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

Advertising
Advertising

ആരോപണങ്ങളിൽ മറുപടി പറയുന്നതിന് പകരം രാഷ്ട്രീയമായി പ്രതിപക്ഷത്തെ നേരിടാനാണ് ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ മറ്റൊരു വാദം. ഇന്ന് ആരംഭിക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം മുതൽ ബി.ജെ.പിയും കോർപ്പറേറ്റുകളും തമ്മിലുള്ള ബന്ധം ദേശീയതലത്തിൽ ചർച്ചയാക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം.

പവൻ ഖേഡക്ക് എതിരായ കേസുകളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഇന്ന് പവൻ ഖേഡ പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിൽ എത്തും. അതേസമയം പ്രധാനമന്ത്രിക്ക് എതിരായ പരാമർശത്തെ ലഘൂകരിച്ച് കാണേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനം. പവൻ ഖേഡയ്ക്ക് എതിരെ കൂടുതൽ കേസുകൾ ഫയൽ ചെയ്യുന്ന കാര്യവും ബി.ജെ.പിയുടെ പരിഗണനയിലുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News