'മോദി ഒന്നും നൽകിയില്ല, കോൺഗ്രസിന്റെ സഹായത്തിലാണ് എല്ലാം ലഭിച്ചത്'; അമിത് ഷായുടെ പ്രസ്താവനക്കെതിരെ കലാവതിയുടെ വീഡിയോയുമായി കോൺഗ്രസ്

കലാവതിക്ക് രാഹുൽ വാഗ്ദാനം നൽകിയതിന് ശേഷം ആറു വർഷം യു.പി.എ അധികാരത്തിലുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമിത് ഷായുടെ അവകാശവാദം

Update: 2023-08-10 08:36 GMT
Advertising

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം പാർലമെൻറിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയർത്തിക്കാട്ടിയത് കർഷകയായ കലാവതിയുടെ പേരായിരുന്നു. കടക്കെണി മൂലം ജീവനൊടുക്കിയ വിദർഭ കർഷകന്റെ ഭാര്യയായ കലാവതി ഭദോർകർക്കും കുടുംബത്തിനും രാഹുലും കോൺഗ്രസും ഒന്നും ചെയ്തില്ലെന്നും എല്ലാം ചെയ്തത് മോദി സർക്കാറാണെന്നുമായിരുന്നു അമിത് ഷായുടെ വാദം. എന്നാൽ ഈ വാദത്തെ എതിർത്ത് തനിക്ക് രാഹുൽ ചെയ്തു തന്ന സഹായങ്ങൾ പറയുന്ന കലാവതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ്.

നരേന്ദ്ര മോദി സർക്കാർ തങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്നും കോൺഗ്രസിന്റെ സഹായത്തിലാണ് തങ്ങൾക്ക് എല്ലാം ലഭിച്ചതെന്നും കലാവതി വീഡിയോയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സഹായത്തോടെയാണ് തങ്ങൾക്ക് ഉപജീവന മാർഗവും വിവാഹവും വിദ്യാഭ്യാസവും സാധ്യമായതെന്നും അവർ വ്യക്തമാക്കി. തനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്‌തെന്ന് നരേന്ദ്ര മോദി പറഞ്ഞതെല്ലാം കള്ളമാണെന്നും മോദി മനസ്സിൽ തോന്നുന്നത് പറയുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. 2008ലാണ് തനിക്ക് വീട് കിട്ടിയതെന്നും 2013-14 കാലത്താണ് രണ്ട് കിടപ്പ് മുറികൾ നിർമിച്ചതെന്നും കലാവതി വ്യക്തമാക്കി. ഇതോടെ അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. കോൺഗ്രസ് അംഗം മാണിക്കം ടാഗോർ പ്രമേയത്തിന് അനുമതി തേടി. കലാവതിയെ കുറിച്ച് സഭയിൽ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തിയെന്ന് കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രമേയം.

കലാവതിക്ക് രാഹുൽ വാഗ്ദാനം നൽകിയതിന് ശേഷം ആറു വർഷം യു.പി.എ അധികാരത്തിലുണ്ടായിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമിത് ഷായുടെ അവകാശവാദം. മോദി സർക്കാറാണ് അവർക്ക് വീടും വൈദ്യുതിയും നൽകിയതെന്നും ഷാ അവകാശപ്പെട്ടിരുന്നു. 'കലാവതി എന്ന ഒരു സ്ത്രീയുടെ വീട്ടിൽ ആ നേതാവ് ഒരിക്കൽ സന്ദർശനം നടത്തി. അവരുടെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു. പിന്നീട് അവരുടെ കഷ്ടപ്പാടുകളെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും പാർലമെൻറിൽ വാചാലനായി. അതു കഴിഞ്ഞ് ആറു വർഷം അവരുടെ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നു. നിങ്ങൾ എന്താണ് അവർക്ക് നൽകിയത്. മോദി സർക്കാർ അവർക്ക് വീടും വൈദ്യുതിയും പാചകവാതകവും റേഷനും ശൗചാലവും നൽകി' - അമിത് ഷാ പറഞ്ഞു.

2008ൽ രാഹുൽ നടത്തിയ പ്രസംഗമാണ് കലാവതിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നത്. രാഹുൽ അവരുടെ വീട്ടിൽ നടത്തിയ സന്ദർശനവും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതത്തിന്റെ പ്രതീകമായി അവർ മാറുകയായിരുന്നു. തുടർന്ന് രാഹുലിന്റെ തന്നെ ഇടപെടലിൽ ഒരു സന്നദ്ധ സംഘടന ഇവർക്ക് 30 ലക്ഷം രൂപ നൽകി. ഈ തുക 25,000 രൂപ പലിശയിനത്തിൽ ലഭിക്കുന്ന വിധത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.

Congress with Kalavati's video against Amit Shah's statement

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News