500 രൂപയ്ക്ക് എൽപിജി സിലണ്ടർ; രാജസ്ഥാനിൽ ഏഴ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

സർക്കാർ കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും

Update: 2023-10-27 09:59 GMT
Advertising

ജയ്പൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഏഴ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 1.4 ലക്ഷം കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് എൽപിജി സിലണ്ടർ നൽകുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, കുടുംബനാഥകൾക്ക് പ്രതിവർഷം 10,000 രൂപ നൽകും, ക്ഷീരകർഷകരിൽ നിന്ന് ഒരു കിലോ ചാണകത്തിന് രണ്ട് രൂപ നിരക്കിൽ സംഭരിച്ചു ജൈവോത്പന്നങ്ങൾ നിർ മ്മിക്കാനുള്ള പദ്ധതി നടപ്പാക്കും, എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകും, പ്രകൃതി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് 15 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും, സർക്കാർ കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ.


Full View


പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി?

രാജസ്ഥാനിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചേക്കുമെന്നാണ് വാർത്തകൾ. പ്രിയങ്ക മുന്നിൽ നിന്ന് നയിച്ച രണ്ടു സംസ്ഥാനങ്ങളിലും മിന്നും വിജയം സ്വന്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് എ.ഐ.സി.സി തീരുമാനം. കർണാടകയിലും ഹിമാചൽ പ്രദേശിലും നേടിയ വിജയങ്ങളാണ് പ്രിയങ്കയെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ നിർത്താനുള്ള പ്രധാന കാരണം. പ്രിയങ്ക പ്രചാരണത്തെ നയിച്ച രണ്ടിടത്തും വീഴ്ത്തിയത് ബി.ജെ.പിയെ ആയിരുന്നു. കോൺഗ്രസ് പ്രവർത്തകരിൽ ആത്മവിശ്വാസം നിറയ്ക്കാൻ പ്രിയങ്കക്ക് സാധിക്കുന്നുണ്ട്. കർണാടകയിൽ യുവാക്കളും സ്ത്രീകളും ധാരാളം കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടത് പ്രിയങ്കയുടെ മികവിലാണ്. പരമാവധി സീറ്റുകളിൽ പ്രിയങ്കയെ കൊണ്ട് പ്രചാരണം നടത്തി. ജനപ്രീതി മുതലെടുക്കാനാണ് സംസ്ഥാന സമിതികളുടെ തീരുമാനം.

സ്ഥാനാർഥിനിർണയം കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആശങ്ക 

രാജസ്ഥാനിലെ സ്ഥാനാർഥിനിർണയം കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുകയാണ്. കോൺഗ്രസ് ഇനി 124 സീറ്റുകളിലും ബി.ജെ.പി 76 സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഉണ്ട് . സച്ചിൻ പൈലറ്റ് അശോക് ഗെഹ്‌ലോട്ട് തർക്കമാണ് കോൺഗ്രസിനു തലവേദന എങ്കിൽ ബി.ജെ.പി പ്രവർത്തകരുടെ അതൃപ്തിയും വിമതഭീഷണിയുമാണ് ബി.ജെ.പിയെ ആശങ്കയിൽ ആക്കുന്നത്.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. ഗോവിന്ദ് റാം മേഘ്വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും പർസാദി ലാൽ മീണ ലാൽസോട്ടിൽ നിന്നും മത്സരിക്കും. നിലവിലെ കൃഷിമന്ത്രി മുരാരി ലാൽ മീണ ദൗസയിൽ നിന്ന് ജനവിധി തേടും. കൂടാതെ അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയായ രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ സോജത്ത് മണ്ഡലത്തിൽ നിന്നും മത്സരിക്കും.

2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുമാണ് ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അർച്ചന ശർമ്മയെയും പുഷ്‌പേന്ദ്ര ഭരദ്വാജിനെയും ഇത്തവണ മത്സരിപ്പിക്കുന്നുണ്ട്. അർച്ചന ശർമ്മ മാളവ്യ നഗറിൽ നിന്നും പുഷ്‌പേന്ദ്ര ഭരദ്വാജി സംഗനേറിൽ നിന്നുമാണ് മത്സരിക്കുന്നത്.

33 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർ പുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മഹേന്ദ്ര ജീത്ത് സിംഗ് മാളവ്യ ബാഗിദോര മണ്ഡലത്തിൽ നിന്നും മമത ഭൂപെഷ് സിക്‌റായിൽ നിന്നും ടിക്കാറാം ജൂലി ആൽവാർ റൂറലിൽ നിന്നും ജനവിധി തേടും.

അതേ സമയം രാജസ്ഥാനിലെ ബിജെപി ഓഫീസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടർന്നാണ് പ്രതിഷേധം.

200 അംഗ നിയമസഭ സീറ്റുകളിൽ 124 സീറ്റുകൾ മാത്രമാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. 83 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ടയറുകൾ ഉൾപ്പടെ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വസുന്ധര്യ രാജെ പക്ഷത്ത് നിന്നുള്ളവരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

Congress with seven promises in Rajasthan where the state elections are going to be held

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News