സൈനിക സഹായത്തോടെ കശ്മീര്‍ പ്രസ് ക്ലബില്‍ 'അട്ടിമറി'

'സര്‍ക്കാര്‍ പിന്തുണയോടെയുള്ള അട്ടിമറി' എന്നാണ് ഒമര്‍ അബ്ദുല്ല നടപടിയെ വിമര്‍ശിച്ചത്

Update: 2022-01-16 15:11 GMT
Editor : ijas

സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീർ താഴ്‌വരയിലെ ഏറ്റവും വലിയ പത്രപ്രവർത്തകരുടെ സംഘടനയായ കശ്മീർ പ്രസ് ക്ലബ്ബിൽ (കെപിസി) 'അട്ടിമറി'. ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീര്‍ പ്രസ് ക്ലബിന്‍റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ പ്രസ് ക്ലബിന്‍റെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് പ്രസ് ക്ലബിന്‍റെ നിയന്ത്രണം മറ്റൊരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ സൈനിക സഹായത്തോടെ ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ ക്ലബ്ബിന്‍റെ രജിസ്ട്രേഷൻ പുതുക്കി നല്‍കിയിരുന്നെങ്കിലും പ്രസ് ക്ലബ് അതിന്‍റെ അംഗങ്ങൾക്കായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഭരണകൂടം രജിസ്ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.

Advertising
Advertising

കശ്മീര്‍ പ്രസ് ക്ലബ് സൈനിക സഹായത്തോടെ നിയന്ത്രണത്തിലാക്കിയ നടപടിയെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രൂക്ഷമായി വിമര്‍ശിച്ചു. 'സര്‍ക്കാര്‍ പിന്തുണയോടെയുള്ള അട്ടിമറി' എന്നാണ് ഒമര്‍ അബ്ദുല്ല നടപടിയെ വിമര്‍ശിച്ചത്. എഡിറ്റേഴ്സ് ഗില്‍ഡ് ഇന്ത്യയും പ്രസ് ക്ലബിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതിഷേധം അറിയിച്ചു.

'ജനുവരി 15ന് താഴ്‌വരയിലെ ഏറ്റവും വലിയ പത്രപ്രവർത്തകരുടെ സംഘടനയായ കശ്മീർ പ്രസ് ക്ലബ്ബിന്‍റെ ഓഫീസും നിയന്ത്രണവും സായുധ പൊലീസുകാരുടെ സഹായത്തോടെ ഒരു കൂട്ടം മാധ്യമപ്രവർത്തകർ ബലമായി പിടിച്ചടക്കിയ നടപടിയില്‍ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ നടുക്കം രേഖപ്പെടുത്തുന്നു'- പ്രസ്താവനയിൽ പറഞ്ഞു.

താഴ്‌വരയിലെ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെക്കുറിച്ചും സജാദ് ഗുൽ എന്ന യുവ മാധ്യമപ്രവർത്തകന്‍റെ അറസ്റ്റിനെയും എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു.

"പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് പ്രസ് ക്ലബ്ബിന്‍റെ പവിത്രത ലംഘിക്കുന്നത് സംസ്ഥാനത്ത് പത്രസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതയുടെ പ്രകടനമാണ്. അടുത്തിടെ, കശ്മീരീ കുടുംബം ഇന്ത്യൻ സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സജാദ് ഗുൽ എന്ന യുവ മാധ്യമപ്രവർത്തകൻ അറസ്റ്റിലായി"- പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


പ്രസ് ക്ലബ് ഓഫ് ഇന്ത്യയും സൈനിക സഹായത്തോടെയുള്ള അട്ടിമറിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ജനാധിപത്യ പ്രക്രിയ അനുവദിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതെ സമയം കശ്മീര്‍ പ്രസ് ക്ലബില്‍ അട്ടിമറി നടന്നതായ വാര്‍ത്ത ഇടക്കാല സമിതി അംഗവും ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകനുമായ സലീം പണ്ഡിറ്റ് നിഷേധിച്ചു. താൻ "ക്ലബിന്‍റെ സ്ഥാപക അംഗം" ആണെന്നും "അത് സുഗമമായി പ്രവർത്തിക്കണം" എന്നതാണ് തന്‍റെ ഏക ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News