'അക്രമത്തിന്‍റെ അപകടകരമായ മാതൃക'; മാവോയിസ്റ്റ് നേതാവ് ബസവരാജുവിന്‍റെ കൊലപാതകത്തെ അപലപിച്ച് സിപിഐയും സിപിഎമ്മും

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കേശവ് റാവുവിനെയും മറ്റ് 26 പേരെയും വധിച്ചത്

Update: 2025-05-22 11:02 GMT
Editor : Jaisy Thomas | By : Web Desk

റായ്പൂര്‍: മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവരാജു എന്ന കേശവറാവുവിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതിനെ അപലപിച്ച് സിപിഐ. 'അക്രമത്തിന്‍റെ അപകടകരമായ മാതൃക'എന്നാണ് സിപിഐ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കേശവ് റാവുവിനെയും മറ്റ് 26 പേരെയും വധിച്ചത്.

"ഈ കൊലപാതകങ്ങൾ ഭരണകൂട അക്രമത്തിന്‍റെ അപകടകരമായ ഒരു രീതിയിലേക്ക് വിരൽ ചൂണ്ടുക മാത്രമല്ല, ഈ മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ തുടർച്ചയായ അരികുവൽക്കരണത്തെയും തുറന്നുകാട്ടുന്നു. ഈ സമൂഹങ്ങൾ തങ്ങൾ തുടങ്ങിവെക്കാത്ത ഒരു സംഘർഷത്തിന്‍റെ ഭാഗമായി വീണ്ടും വീണ്ടും ഏറ്റുമുട്ടുന്നു'' സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എക്സിൽ കുറിച്ചു. നിയമപരമായ അറസ്റ്റിന് പകരം മാരകമായ ബലപ്രയോഗം ആവർത്തിച്ച് നടത്തുന്നത് ജനാധിപത്യ മാനദണ്ഡങ്ങളോടും നിയമവാഴ്ചയോടുമുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് രാജ പറഞ്ഞു.

Advertising
Advertising

"നേതാവിനെക്കുറിച്ച് അധികാരികൾ രഹസ്യാന്വേഷണം നടത്തിയിരുന്നെങ്കിൽ നിയമപരമായ അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ല? ഭരണഘടന ഉറപ്പുനൽകുന്ന നടപടിക്രമങ്ങൾ ഇത്ര വ്യക്തമായി അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ്," പാർട്ടിയുടെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സംഭവത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഛത്തീസ്ഗഢിലെയും ഇന്ത്യയിലെയും ജനങ്ങൾ സത്യം അറിയണമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

സംഭവത്തെ സിപിഎം പോളിറ്റ് ബ്യൂറോയും അപലപിച്ചു. മാവോവാദികള്‍ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടും മനുഷ്യത്വരഹിതമായ നയമാണ് കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും പിന്തുടരുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.'കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനകളും ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും മനുഷ്യജീവനുകള്‍ എടുക്കുന്നതിനെ ആഘോഷിക്കുന്ന തരത്തിലുള്ള ഒരു ഫാസിസ്റ്റ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ജനാധിപത്യത്തിന് എതിരാണ്' പ്രസ്താവനയിൽ വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജൻസി രണ്ട് കോടി രൂപ തലക്ക് വിലയിട്ടിരു​ന്ന കേശവറാവു ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയാണ്. എഞ്ചിനീയറിങ് ബിരുദധാരിയായ കേശവറാവുവിനെ 2018 ലാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.ഗഗന്ന, ബസവരാജ്, പ്രകാശ്, കൃഷ്ണ, വിജയ്, കേശവ്, രാജു, ഉമേഷ് എന്നിങ്ങനെ നിരവധി പേരുകളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു.

അതേസമയം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയിൽ സുരക്ഷാ സേനാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചിരുന്നു. ''മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണ് ഇന്നത്തെ ഓപ്പറേഷൻ. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന് ശേഷം ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 54 മാവോയിസ്റ്റുകൾ അറസ്റ്റിലാവുകയും 84 മാവോയിസ്റ്റുകൾ കീഴടങ്ങുകയും ചെയ്തു എന്നും'' അമിത് ഷാ എക്സിൽ കുറിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News