ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; ഒഡീഷയിലും ആന്ധ്രയിലും ജാഗ്രത, കേരളത്തില്‍ മഴ ശക്തമാകും
രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കര തൊടാനാണ് സാധ്യത. ഒഡീഷയും ആന്ധ്രാ പ്രദേശും കനത്ത ജാഗ്രതയിലാണ്. 65 മുതല്‍ 85 വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
വടക്കന്‍ ആന്ധ്രയിലും ഒഡീഷയുടെ തെക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത. ടൗട്ടെ, യാസിന്‍ ചുഴലിക്കാറ്റുകള്‍ക്കു ശേഷം ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്. പാകിസ്ഥാനാണ് ഗുലാബ് എന്ന പേര് നിര്‍ദേശിച്ചത്.
സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ഇന്ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്
27 നു : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
28നു : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
സെപ്റ്റംബര്‍ 26, 27 തീയതികളില്‍ മത്സ്യതൊഴിലാളികള്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.