നല്ല വസ്ത്രം ധരിച്ചു, സൺ ഗ്ലാസ് വെച്ചു; ഗുജറാത്തിൽ ദലിത് യുവാവിന് മർദനം

'ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്' എന്ന് പ്രതികളിലൊരാൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതി

Update: 2023-06-01 14:43 GMT

പാലൻപൂർ: നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഗുജറാത്തിൽ ദലിത് യുവാവിന് മർദനം. ബാനസ്‌കാന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിൽ ഉന്നതജാതിക്കാരാണ് ജിഗാർ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.  ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Advertising
Advertising

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വെച്ചതിനും ഏഴുപേർ ചേർന്ന് യുവാവിനെയും അമ്മയെയും മർദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് നിന്ന യുവാവിനെ പ്രതികളിലൊരാൾ സമീപിക്കുകയും 'ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്' എന്ന് പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് അതേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തിൽപ്പെട്ട ആറു പ്രതികൾ മർദിക്കുകയും ഡയറി പാർലറിന് പിറകിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങിയതെന്നും സൺ ഗ്ലാസ് വെച്ചതെന്നും ചോദിച്ചായിരുന്നു മർദനമെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ രക്ഷിക്കാനെത്തിയ അമ്മയെ അവർ അപമാനിച്ചെന്നും വസ്ത്രം കീറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെഖാലിയ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.

കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, സ്ത്രീയുടെ മാന്യത കളങ്കപ്പെടുത്തൽ, മുറിവേൽപ്പിക്കൽ, അധിക്ഷേപകരമായ പദപ്രയോഗം തുടങ്ങിയ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വകുപ്പുകൾ പ്രകാരം ഏഴ് പ്രതികൾക്കെതിരെ ഗഡ് പൊലീസ് സ്റ്റേഷനിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസുണ്ട്. എന്നാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Dalit youth beaten up in Gujarat for dressing well and wearing sunglasses

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News