മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

അപായ ചങ്ങലകൾ അനാവശ്യമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ നിർദേശം

Update: 2025-10-29 10:55 GMT

Photo| grettyimages

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യാത്രകളിൽ വിൻഡോ സീറ്റിന് വേണ്ടി വാശിപിടിക്കുന്നവരാണ് നമ്മൾ, ഒപ്പം വാതിൽക്കൽ നിന്ന് അപകടകരമായി യാത്ര ചെയ്യുന്നവരും കുറവല്ല. ഇത്തരകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത്.

അടുത്തിടെ റെയിൽവേ തന്നെ ഇതിനെതിരെ ബോധവത്കരണ വീഡിയോകളുമായി രം​ഗത്തെത്തിയിരുന്നു. കയ്യിൽ നിന്നും ഫോൺ മോഷ്ടിച്ച് ഓടുന്നതും, തെറിച്ച് വീഴുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും ഫോൺ നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ അപായ ചങ്ങല വലിക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി ഇത് പാടില്ല എന്നാണ് റെയിൽവേയുടെ നിർദേശം.

Advertising
Advertising

അപകടങ്ങൾ, തീപിടുത്തം, മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ ഉപയോ​ഗിക്കാൻ വേണ്ടിയാണ് അപായ ചങ്ങലകൾ രൂപകല്പന ചെയ്തിരിക്കുന്നത് എന്നതിനാലാണിത്. ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് ₹5,000 വരെ പിഴ ഈടാക്കാനും നിയമമുണ്ട്. ട്രെയിൻ ഷെഡ്യൂളിൽ അനാവശ്യ കാലതാമസം വരുത്തും എന്നല്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ യാതൊരു ​ഗുണവും ഇല്ല എന്നാണ് റെയിൽവേ പറയുന്നത്. അതിന് പകരമായി ചില നിർദേശങ്ങളും റെയിൽവേ മുന്നോട്ടുവെക്കുന്നു.

അതിൽ ഏറ്റവും പ്രധാനം, കൃത്യമായ സ്ഥലം ശ്രദ്ധിക്കുകയെന്നതാണ്: ഫോൺ എവിടെയാണ് വീണതെന്ന് കൃത്യമായി തിരിച്ചറിയുകയും ഓർത്തുവെക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. റെയിൽവേ ട്രാക്കുകൾക്ക് അരികിലായി തൂണുകളും കിലോമീറ്റർ മാർക്കറുകളും ഉണ്ട്. തൂണിലെ നമ്പറോ അടുത്തുള്ള മാർക്കോ ഓർമ്മിക്കുന്നതും നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ സഹായിക്കും.

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക: സഹയാത്രികരിൽ ആരുടെയെങ്കിലും ഫോൺ കടം വാങ്ങി ഉടൻ തന്നെ 24/7 പ്രവർത്തിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഹെൽപ്പ് ലൈൻ നമ്പറായ 182ൽ വിളിച്ച് പരാതി അറിയിക്കുക. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവം നടന്ന ഏകദേശ സ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. അടുത്ത സ്റ്റേഷനിലെ ആർ‌പി‌എഫ് സംഘത്തെ അറിയിക്കുന്നതും ​ഗുണം ചെയ്യും. ഏതെങ്കിലും കാരണവശാൽ ആർ‌പി‌എഫ് ഹെൽപ്പ്‌ലൈൻ (182) ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, ഗവൺമെന്റ് റെയിൽവേ പോലീസ് (ജി‌ആർ‌പി) നമ്പറായ 1512, ജനറൽ റെയിൽവേ പാസഞ്ചർ ഹെൽപ്പ്‌ലൈൻ നമ്പറായ 138 എന്നിവയിൽ ബന്ധപ്പെടാം.

നിങ്ങളുടെ ഫോൺ വീണ്ടെടുത്താൽ:

ഫോൺ വീണ്ടെടുത്താൽ, തൊട്ടടുത്ത ആർ‌പി‌എഫിലോ, ജി‌ആർ‌പി സ്റ്റേഷനിലോ നിക്ഷേപിക്കും. നിങ്ങൾക്ക് ലഭിക്കുന്ന റഫറൻസ് ഐഡി അല്ലെങ്കിൽ പരാതി നമ്പർ കേസിൻ്റെ പുരോഗതി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഉടമ സാധുവായ ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കുകയും ഫോണിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്താൽ ഔപചാരിക പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കും. ഇത്തരത്തിൽ 2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ മാത്രം, ആർപിഎഫ് ₹84 കോടിയിലധികം രൂപ വിലവരുന്ന വസ്തുക്കൾ തിരികെ നൽകിയതായ് പറയുന്നു. ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്താതെ നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വേ​ഗത്തിൽ നടത്തുകയാണ് ചെയ്യേണ്ടത്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News