ഡാനിഷ് അലി കോൺഗ്രസുമായി അടുക്കുന്നു; തടസം കൂറുമാറ്റ നിരോധന നിയമം

ബി.ജെ.പി അംഗം രമേശ് ബിധുഡി, ഡാനിഷ് അലിക്കെതിരെ വംശീയമായി ആക്ഷേപം ചൊരിഞ്ഞപ്പോഴും മായാവതി മൗനം പാലിച്ചിരുന്നു

Update: 2023-12-10 08:08 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ബി.എസ്.പിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എം.പി കോൺഗ്രസുമായി അടുക്കുന്നു. എന്നാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നാൽ അദ്ദേഹത്തിന് ലോക്സഭാ അംഗത്വം നഷ്ടമാകും .അതുകൊണ്ടു കരുതലോടെയാണ് ഡാനിഷ് അലിയുടെ നീക്കം.

സഭയിലെ അംഗം നിലവിലെ പാർട്ടിയെ ഉപേക്ഷിച്ചു മറ്റേതെങ്കിലും പാർട്ടിയിൽ ഔദ്യോഗികമായി ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം എം.പി സ്ഥാനം നഷ്ടമാകും . കോൺഗ്രസ് , സമാജ് വാദി എന്നീ പാർട്ടികൾക്ക്, ഡാനിഷ് അലിയെ സ്വീകരിക്കണമെന്നുണ്ടെങ്കിലും ഈ നിയമമാണ് കീറാമുട്ടിയായി നിൽക്കുന്നത്.

ബി.എസ്.പിയിൽ നിന്നും പുറത്താക്കപ്പെട്ടാലും ലോക്സഭയിൽ ബി.എസ്.പി അംഗമായി ഡാനിഷ് അലിക്ക് തുടരാൻ കഴിയും. മഹുവ മൊയ്ത്രയ്ക്ക് പിന്തുണ നൽകി സഭയിൽ നിന്നും ഇന്‍ഡ്യ മുന്നണി പാർട്ടികൾ പുറത്തുപോയപ്പോൾ, കൂടെ ഇറങ്ങിയതാണു ബിഎസ്പി അധ്യക്ഷ മായാവതിയെ ചൊടിപ്പിച്ചത് . ബി.ജെ.പി അംഗം രമേശ് ബിധുഡി, ഡാനിഷ് അലിക്കെതിരെ വംശീയമായി ആക്ഷേപം ചൊരിഞ്ഞപ്പോഴും മായാവതി മൗനം പാലിച്ചിരുന്നു .

ഡാനിഷ് അലിയുടെ വസതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ തന്നെ, പാർട്ടി മാറുന്നു എന്ന അഭ്യൂഹം ഉണ്ടായിരുന്നു. രമേശ് ബിധുഡിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.പിസ്ഥാനം രാജിവയ്ക്കുമെന്ന് ഡാനിഷ് അലി നേരത്തെ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ഡാനിഷ് അലി .

ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചാണ് ബിഎസ്പിയിൽ ചേർന്നതും എം.പി ആയതും. കർണാടകയിൽ കോൺഗ്രസ് പിന്തുണ നേടി, ജെ.ഡി.എസ് സർക്കാർ രൂപീകരിച്ചത് ഉത്തർപ്രദേശുകാരനായ ഈ നേതാവിന്റെ ശ്രമഫലമായിട്ടായിരുന്നു . കോൺഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ്‌ ഡാനിഷ് അലി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News