കർഷക സമരത്തിനിടെ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു

21കാരനായ കർഷകൻ ശുഭ്കരൺ സിംഗ് ഹരിയാന പൊലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു

Update: 2024-02-23 12:34 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷക സമരത്തിനിടെ ഒരു മരണം കൂടി. ഭട്ടിൻഡ സ്വദേശി ദർശൻ സിംഗ്(63) ആണ് ഖനൗരി അതിർത്തിയിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുഴഞ്ഞുവീണ ദർശൻ സിംഗ്‌നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ച് 21കാരനായ കർഷകൻ ശുഭ്കരൺ സിംഗ് ഹരിയാന പൊലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു മരണം കൂടി നടന്നത്.

കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിന്റെ മൃതദേഹം പട്ട്യാല ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രധാന കർഷക നേതാക്കളെല്ലാം ആശുപത്രിയിൽ തുടരുകയാണ്. സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പ്രതികളെ പിടികൂടാനോ പഞ്ചാബ് പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ ശുഭ്കരണിന്റെ പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് കർഷക സംഘടന നേതാക്കൾ പറയുന്നത്. അതേസമയം, ശുഭ്കരൺ സിങ്ങിന്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വെക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. ഒരു കോടി രൂപ നഷ്ടപരിഹാരമാണ് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടക്കുന്ന യോഗത്തിനു ശേഷം ഡൽഹി ചലോ മാർച്ചിന്റെ അടുത്ത ഘട്ടം കർഷക സംഘടനകൾ പ്രഖ്യാപിക്കും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News